മൂന്നാർ സന്ദർശകർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തിയേക്കും! തീരുമാനം നാളെ
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാൻ പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നു. വർധിച്ചുവരുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും അവ സംസ്‌കരിക്കുന്നതിനാവശ്യമായ തുക കണ്ടെത്താനുമാണ് ഇത്തരമൊരു നീക്കം. നാളെ ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. പദ്ധതി നടപ്പിലായാൽ അടിമാലി, മറയൂർ, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും ഫീസ് ഈടാക്കി തുടങ്ങും.
വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് പഞ്ചായത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടുതൽ തൊഴിലാളികളെ മാലിന്യനീക്കത്തിനായി നിയോഗിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. സമാഹരിക്കുന്ന തുക ശുചിത്വ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനായി ഉപയോഗിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മൂന്നാറിനെ മനോഹരമായും വൃത്തിയായും സംരക്ഷിക്കാൻ ഈ സാമ്പത്തിക സഹായം അത്യാവശ്യമാണെന്നാണ് അധികൃതരുടെ നിലപാട്.
പഞ്ചായത്ത് കമ്മിറ്റി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയാൽ ഉടൻതന്നെ സർവ്വകക്ഷി യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കും. അയൽ ഗ്രാമപഞ്ചായത്തായ കാന്തല്ലൂരിൽ നിലവിൽ സഞ്ചാരികളിൽ നിന്നും 50 രൂപ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. അതേ മാതൃകയിൽ മൂന്നാറിലും ഫീസ് ഏർപ്പെടുത്തുന്നതോടെ വിനോദസഞ്ചാര മേഖലയിലെ മാലിന്യ നിർമ്മാർജ്ജനത്തിന് സ്ഥിരമായൊരു വരുമാന മാർഗം കണ്ടെത്താമെന്നാണ് പഞ്ചായത്ത് കണക്കുകൂട്ടുന്നത്.