ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; അവരുടെ അവകാശങ്ങള്‍ കവരാതെ
ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും ഓണ്‍ലൈന്‍ സുരക്ഷയും ആഗോളതലത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്.
സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, ഡിജിറ്റല്‍ ലോകത്ത് നിന്ന് അവരെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താതെ അവരുടെ പങ്കാളിത്തവും വികാസവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വളരെ വലുതാണ്. അതിനു സഹായിക്കുന്ന ഏതാനും ഘടകങ്ങള്‍ ഇതാ.
നിരോധനമല്ല, സുരക്ഷിതമായ മാര്‍ഗനിര്‍ദേശം
കുട്ടികളെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുന്നത് അവരുടെ വിവരശേഖരണത്തിനും ഡിജിറ്റല്‍ കഴിവുകളുടെ വികസനത്തിനും തടസ്സമാകും.
അതിനാല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം, സുരക്ഷിതമായി ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. അതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹം മുഴുവന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്.
സന്തുലിത സമീപനം
ഓണ്‍ലൈന്‍ കെണികള്‍, സൈബര്‍ ബുള്ളിയിംഗ്, അനാവശ്യ ഉള്ളടക്കങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും രക്ഷിതാക്കളുടെ മേല്‍നോട്ടവും ആവശ്യമാണ്. എന്നാല്‍ ഈ മേല്‍നോട്ടം കുട്ടികളുടെ സ്വകാര്യതയെയും ചിന്താശേഷിയെയും ഹനിക്കാത്ത വിധത്തില്‍ സന്തുലിതമായിരിക്കണം.
അതിന്റെ ഗുണദോഷ വശങ്ങളെ കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം. പലപ്പോഴും ഒരു കാര്യത്തോട് 'നോ' എന്ന് പറയുമ്പോള്‍ അത് എന്തുകൊണ്ടാണ് പറയുന്നത് എന്ന് കാര്യകാരണസഹിതം വ്യക്തമാക്കുക അത്യാപേക്ഷിതമാണ്.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക്
കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്താന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം. ഓണ്‍ലൈനില്‍ അവര്‍ നേരിടുന്ന ഭീഷണികളെക്കുറിച്ചോ, സംശയങ്ങളെക്കുറിച്ചോ ഭയമില്ലാതെ സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടിലും സ്‌കൂളിലും ഉണ്ടാക്കിയെടുക്കണം. അവരുടെ സംശയങ്ങളും ആശങ്കകളും അറിവുകളും മനസിലാക്കണം എങ്കില്‍ അതിനു തുറന്ന സംസാരം അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന് മുതിര്‍ന്നവര്‍ തിരിച്ചറിയണം.
ടെക്‌നോളജി കമ്പനികളുടെ ഉത്തരവാദിത്തം
കുട്ടികള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ സാങ്കേതിക കമ്പനികള്‍ ബാധ്യസ്ഥരാണ്.
കുട്ടികളുടെ പ്രായത്തിനനുയോജ്യമായ സുരക്ഷാ ഫീച്ചറുകളും സ്വകാര്യതാ നയങ്ങളും നിര്‍ബന്ധമാക്കണം. അതിനു ആവശ്യമായ നിയമങ്ങളും മറ്റും കൊണ്ടുവരാന്‍ ഭരണാധികാരികളും ശ്രമിക്കണം. എങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.
ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതിനര്‍ഥം അവരെ ആ ലോകത്ത് നിന്ന് ഒറ്റപ്പെടുത്തുക എന്നതല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ പൗരന്മാരായി അവരെ വളര്‍ത്തിയെടുക്കുക എന്നതാണ്.