ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയങ്ങള്‍ക്കും മറ്റ് പൊതുസ്വത്തുക്കള്‍ക്കും കനത്ത നിയമപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ബില്‍ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയില്‍ അവതരിപ്പിച്ചു

 
 cross-2

പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയങ്ങള്‍ക്കും മറ്റ് പൊതുസ്വത്തുക്കള്‍ക്കും കനത്ത നിയമപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ബില്‍ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയില്‍ അവതരിപ്പിച്ചു. 'പഞ്ചാബ് പ്രൊട്ടക്ഷന്‍ ഓഫ് കമ്മ്യൂണല്‍ പ്രോപ്പര്‍ട്ടീസ് ഓഫ് മൈനോറിറ്റീസ് ആക്ട് 2026' എന്ന ഈ സുപ്രധാന നിയമം ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ഫാല്‍ബസ് ക്രിസ്റ്റഫറാണ് സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. വര്‍ഷങ്ങളായി പാകിസ്താനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭൂമി കൈയേറ്റങ്ങള്‍ക്കും വ്യാജരേഖ ചമയ്ക്കലുകള്‍ക്കും ഈ നിയമം അറുതി വരുത്തുമെന്ന് സഭാ അധികൃതരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രത്യാശ പ്രകടിപ്പിച്ചു.

പള്ളികള്‍ക്കും സെമിത്തേരികള്‍ക്കും പുറമെ, സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍, ആശുപത്രികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്കും ഈ നിയമം ശക്തമായ സംരക്ഷണം നല്‍കുന്നു. സഭയുടെയോ മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയോ പൊതുസ്വത്തുക്കള്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇനിമുതല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി (ചഛഇ) നിര്‍ബന്ധമാണ്. മതിയായ അനുമതിയില്ലാത്ത ഇടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കും.

നിയമം ലംഘിച്ച് ന്യൂനപക്ഷ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയുമാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഭാ സ്വത്തുക്കള്‍ ആറ് മാസത്തിനകം സമുദായത്തിന്റെയോ ട്രസ്റ്റിന്റെയോ പേരില്‍ പുനര്‍രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിക്കുന്ന 'പ്രൊവിന്‍ഷ്യല്‍ ആക്ഷന്‍ കമ്മിറ്റി'യില്‍ ന്യൂനപക്ഷ പ്രതിനിധികള്‍ക്കും ഉന്നത പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പ്രാതിനിധ്യം നല്‍കും. 'ഈ ബില്‍ പാകിസ്താനിലെ ക്രൈസ്തവര്‍ക്ക് വലിയൊരു ആത്മവിശ്വാസം നല്‍കുന്നതാണ്,' എന്ന് ബില്‍ അവതരിപ്പിച്ച ഫാല്‍ബസ് ക്രിസ്റ്റഫര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ 'ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍' (കഇഇ) ഈ നീക്കത്തെ സ്വാഗതം ചെയ്തു. പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയില്‍ ഈ നിയമം നടപ്പിലാക്കുന്നത് രാജ്യത്തെ മറ്റ് പ്രവിശ്യകള്‍ക്കും വലിയൊരു മാതൃകയാകുമെന്ന് ഐസിസി പ്രസിഡന്റ് ഷോണ്‍ റൈറ്റ് അഭിപ്രായപ്പെട്ടു. പഞ്ചാബ് അസംബ്ലിയുടെ അടുത്ത സെഷനില്‍ ബില്ലിന്മേലുള്ള വിപുലമായ ചര്‍ച്ചകള്‍ നടക്കും. നീതിക്കായുള്ള പോരാട്ടത്തില്‍ പാക് ക്രൈസ്തവ സമൂഹം കൈവരിച്ച സുപ്രധാന വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 

Tags

Share this story

From Around the Web