ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കും; ഉപരോധത്തിനിടയിലും ഇന്ത്യയുമായി കൈകോർത്ത് ഇറാൻ

 
Iran

ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്കൻ ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ വ്യക്തമാക്കി. ഇന്ത്യയുമായി ഇറാൻ പുലർത്തുന്ന അടുത്ത നയതന്ത്ര ബന്ധം മുൻനിർത്തി കപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി അറിയിച്ചു. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതും അമേരിക്കൻ ഉപരോധം നിലവിൽ വന്നതും ഇന്ധന പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കകൾക്കിടയിലാണ് ഈ പ്രതികരണം.

ഇന്ത്യൻ സർക്കാരുമായി ഇറാൻ നിരന്തരമായ സമ്പർക്കം പുലർത്തുന്നുണ്ടെന്നും കപ്പലുകളുടെ സുഗമമായ യാത്രയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമാണെന്നും ഫത്താലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറാന്റെ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലും ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലും വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമേഷ്യൻ തുറമുഖങ്ങൾ അതീവ ജാഗ്രതയിലാണ്. തങ്ങൾ സുരക്ഷിതരല്ലെങ്കിൽ മേഖലയിലെ മറ്റൊരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന ഇറാന്റെ മുന്നറിയിപ്പ് നിലവിലെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ആക്രമണങ്ങൾ കടുക്കുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന നീക്കം പൂർണ്ണമായും തടസ്സപ്പെടാനും ആഗോളതലത്തിൽ വൻ വിലക്കയറ്റത്തിനും ഇന്ധനക്ഷാമത്തിനും ഇത് വഴിതെളിക്കുമെന്നും ലോകരാജ്യങ്ങൾ ഭയപ്പെടുന്നു

Tags

Share this story

From Around the Web