ഊര്‍ജ്ജ സുരക്ഷയ്ക്കാണ് ഇന്ത്യയുടെ മുന്‍ഗണന. യുഎസ് സെനറ്ററുടെ ഭീഷണി കണക്കിലെടുക്കാതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരും. റഷ്യന്‍ എണ്ണയ്ക്കു വീണ്ടും വില ഇടിഞ്ഞത് ഇന്ത്യയ്ക്കു നേട്ടം

കോട്ടയം: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് രംഗത്തു വന്നിരുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ ഭീഷണി.
റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കാണു പ്രഥമ പരിഗണന നല്‍കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞത്. ഇതോടെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുത് തുടരുമെന്നുറപ്പായി. ഇതോടൊപ്പം റഷ്യന്‍ എണ്ണയുടെ വില പരിധി ബാരലിന് 60 ഡോളറില്‍ നിന്ന് ഏകദേശം 47.60 ഡോളറായി കുറയ്ക്കുകയും ചെയ്തത് ഇന്ത്യയ്ക്കു നേട്ടമായി.
ജൂണില്‍, ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം 2.08 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്‌തെന്നാണ് കണക്കാക്കുന്നത്. മെയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരല്‍ ആയിരുന്നു. വിപണിയിലെ അസ്ഥിരത കാരണം, സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരില്‍ നിന്നുള്ള മൊത്തം അളവിനേക്കാള്‍ കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷമാണ് ഇന്ത്യ വലിയ അളവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. പരമ്പരാഗതമായി ഇന്ത്യ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം മറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അപേക്ഷിച്ച് എണ്ണ ഗണ്യമായ വിലക്കുറവില്‍ ലഭ്യമായിരുന്നതിനാലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങലുകള്‍ ഒഴിവാക്കിയതും ഇന്ത്യയ്ക്കു ഗുണകരമായി.
ഇത് റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വന്‍ വര്‍ധനവിന് കാരണമായി, മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 1 ശതമാനത്തില്‍ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ 44 ശതമാനമായി വളര്‍ന്നു. ഇത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്.
അമേരിക്കന്‍ എണ്ണ ഉയര്‍ന്ന വിലയ്ക്കു വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പക്കുകയാണ് നിലവിലെ ഭീഷണികള്‍ക്കു പിന്നിലെ ലക്ഷ്യം. 439,000 ബാരല്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്നു ഇറക്കുമതി ചെയ്യുന്നത്.