മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു, കനത്ത സുരക്ഷ തുടരുന്നു

 
janthar mandir

ഡല്‍ഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തര്‍ റോഡ് വീണ്ടും തുറന്നുകൊടുത്തു. ബാരിക്കേഡുകള്‍ നീക്കിയതോടെ പ്രദേശത്തെ വാഹന ഗതാഗതവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. നിയന്ത്രണങ്ങള്‍ക്ക് അയവു വന്നെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി കനത്ത പോലീസ് വിന്യാസം ഇപ്പോഴും തുടരുന്നുണ്ട്.

പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പോലീസും കേന്ദ്രസേനയും റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പ്രവേശനം തടഞ്ഞിരുന്നത്. ഇത് പ്രദേശത്തെ കച്ചവടക്കാരെയും ഗതാഗതത്തെയും സാരമായി ബാധിച്ചിരുന്നു. ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ സംഘടനകളുടെ എതിര്‍പ്പും നിലനിന്നിരുന്നു.


ഒന്നര മാസത്തിന് ശേഷം രാവിലെ ബാരിക്കേഡുകള്‍ നീക്കിയതോടെ വ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും സജീവമായി. ദിവസങ്ങളോളം അടഞ്ഞുകിടന്ന കടകള്‍ തുറക്കാനായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികള്‍. അതേസമയം, മുന്‍പ് പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ജന്തര്‍ മന്തറിനെ വരാനിരിക്കുന്ന 'ഇന്ത്യാ ബിനാലെ'യുടെ വേദിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാകും ബിനാലെ നടക്കുക. ജന്തര്‍ മന്തര്‍ ഡീനോട്ടിഫൈ ചെയ്ത നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ ഈ മാസം അവസാനം സുപ്രീം കോടതി പരിഗണിക്കും.

Tags

Share this story

From Around the Web