തടവിന് വിരാമം; ചൈനയിലെ പ്രമുഖ ക്രൈസ്തവ നേതാവ് ജിന്‍ മിന്‍ഗ്രി മോചിതനായി
ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് സമൂഹമായ 'സിയോണ്‍ ചര്‍ച്ചി'ന്റെ സ്ഥാപകനും മുഖ്യ പാസ്റ്ററുമായ എസ്രാ ജിന്‍ മിന്‍ഗ്രി ദീര്‍ഘനാളുകളായുള്ള തടവിന് ശേഷം ജയില്‍മോചിതനായി.
കഴിഞ്ഞ ഒക്ടോബറില്‍ ചൈനയിലുടനീളം നടന്ന വ്യാപക റെയ്ഡുകളെത്തുടര്‍ന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചൈനയുടെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മതവിശ്വാസ വേട്ടയാണ് അന്നു നടന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇക്കഴിഞ്ഞ മെയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് പാസ്റ്ററുടെ മോചനം സംബന്ധിച്ച കാര്യം ഉന്നയിച്ചിരുന്നു. അന്നു അനുകൂല മറുപടിയും ഷി ജിന്‍പിംഗ് നല്‍കി.
ട്രംപ് ഈ വിഷയം നേരിട്ട് ഉന്നയിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജിന്‍ മിന്‍ഗ്രിയുടെ മോചനം സാധ്യമായിരിക്കുന്നത്. മോചനത്തിനുശേഷം അദ്ദേഹം അമേരിക്കയിലെ ലോ സ് ആഞ്ചലസില്‍ എത്തിയതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന 'ചൈന എയ്ഡ്' സ്ഥിരീകരിച്ചു.
2007ല്‍ വെറും 20 പേരുമായി ജിന്‍ മിന്‍ഗ്രി തുടക്കം കുറിച്ച സിയോണ്‍ ചര്‍ച്ച് പിന്നീട് ചൈനയിലെതന്നെ ഏറ്റവും വലിയ അനൗദ്യോഗിക ക്രൈസ്തവ കൂട്ടായ്മയായി വളരുകയായിരുന്നു. രാജ്യത്തെ നാല്‍പ്പതോളം നഗരങ്ങളിലായി പതിനായിരത്തോളം വിശ്വാസികള്‍ ഈ സമൂഹത്തില്‍ അംഗങ്ങളാണ്.
നിരീശ്വരവാദികള്‍ ഉള്‍പ്പെടെ അനേകരെ ക്രിസ്തു വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞിരിന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം തൃപ്തരായിരിന്നില്ല. 2018-ല്‍ അധികാരികള്‍ അനേകം വിശ്വാസികള്‍ ഒരുമിച്ച് കൂടിയിരിന്ന ആരാധനാലയം അടച്ചുപൂട്ടി.
പക്ഷേ ഓണ്‍ലൈന്‍ ശുശ്രൂഷകളിലൂടെ ഇവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. വൈകാതെ ഭരണകൂടം ജിന്നിനെയും മറ്റ് സിയോണ്‍ ചര്‍ച്ച് നേതാക്കളെയും കസ്റ്റഡിയിലെടുക്കുകയായിരിന്നു. 'വിവര ശൃംഖലകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചു' എന്ന കുറ്റം ചുമത്തിയായിരിന്നു അറസ്റ്റ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.