നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നുവെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും സമയബന്ധിതമായി ലഭിക്കുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് കൈകള്‍ പലപ്പോഴും സ്റ്റിയറിങ് വീലില്‍ നിന്ന് എടുക്കേണ്ടി വരുന്നു.
നാവിഗേഷന്‍ ആപ്പിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാന്‍ സാധ്യമാണ്.
നാവിഗേഷന്‍ ഡിവൈസുകള്‍ റോഡിലെ കാഴ്ചകള്‍ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തില്‍ തന്നെ മൗണ്ട് ചെയ്യുക. അപരിചിതമായതോ സങ്കീര്‍ണ്ണമായതോ ആയ റോഡ് നെറ്റ്വര്‍ക്കുകളില്‍, ശരിയായ തിരിവുകള്‍ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിനു വളരെ സഹായകമാണ്.’- മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിച്ചു.