കോടികളുടെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ പൗരോഹിത്യത്തിലേക്ക്

 
Vanakam

കാലിഫോര്‍ണിയ: സൗന്ദര്യ വര്‍ദ്ധക വ്യവസായ ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് എന്ന പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ സ്കോട്ട്-വിൻസെന്റ് ബോർബ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തിയും ആഡംബരജീവിതവും ഉപേക്ഷിച്ചാണ് അദ്ദേഹം ദൈവവിളിക്കു മറുപടി നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ മെയ് 23ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കും.


2004-ല്‍ സ്കോട്ട്-വിൻസെന്റ് ബോർബയും ജോസഫ് ഷമയും ചേര്‍ന്നാണ് “eyes, lips, face” എന്നതിന്റെ ചുരുക്കപ്പേരായ e.l.f. Cosmetics സ്ഥാപിച്ചത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയതോടെ 2014-ഓടെ കമ്പനി 100 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയിലെത്തി. ബിസിനസ് ലോകത്തും സെലിബ്രിറ്റി ജീവിതത്തിലും മുഴുകിയിരുന്ന ബോർബയുടെ ജീവിതത്തില്‍ പിന്നീട് നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായത്.


10-ാം വയസ്സില്‍ തന്നെ പൗരോഹിത്യവിളിയോടുള്ള ആഗ്രഹം അനുഭവപ്പെട്ടിരുന്നുവെങ്കിലും “താന്‍ അര്‍ഹനല്ല” എന്ന ചിന്തയാല്‍ അതില്‍നിന്ന് പതിയെ അകന്നുപോയതായും ബോർബ വെളിപ്പെടുത്തി. എന്നാല്‍ 40-ാം വയസ്സില്‍ ജീവിതത്തിലെ ശൂന്യത തിരിച്ചറിഞ്ഞത് അദ്ദേഹത്തെ വീണ്ടും വിശ്വാസത്തിലേക്ക് നയിച്ചു. സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉച്ചകോടിയില്‍ എത്തിയപ്പോഴും ഉള്ളിലെ ശൂന്യത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.


ഒരു ആഘോഷവിരുന്നിനിടെ അതിയായ ഏകാന്തതയും ദുഃഖവും അനുഭവപ്പെട്ടതോടെയാണ് ദൈവത്തോട് ചേര്‍ന്നുള്ള ജീവിതം നയിക്കുവാന്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയതെന്നു ഇ‌ഡബ്ല്യു‌ടി‌എന്നിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. 2019-ല്‍ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അദ്ദേഹം പിന്നീട് സെമിനാരിയില്‍ ചേര്‍ന്നു. ഫ്രെസ്നോ രൂപതയ്ക്കുവേണ്ടിയാണ് വൈദികപരിശീലനം ആരംഭിച്ചത്. 2025 ജൂണ്‍ 21ന് ട്രാന്‍സിഷണല്‍ ഡീക്കനായി അഭിഷിക്തനായ അദ്ദേഹം മെയ് 23ന് വൈദികപട്ടം സ്വീകരിക്കും.


“എന്റെ ജീവിതത്തില്‍ ഇത്ര സന്തോഷം മുമ്പ് ഉണ്ടായിട്ടില്ല” എന്നാണ് ഇപ്പോള്‍ ലളിതജീവിതം നയിക്കുന്ന ബോർബയുടെ പ്രതികരണം. ആഡംബരത്തിനും പ്രശസ്തിക്കും നല്‍കാനാകാത്ത സമാധാനം ദൈവസന്നിധിയില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ഈ ആത്മീയ നിര്‍വൃതിയോടെയാണ് തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സമ്പത്തും പ്രശസ്തിയും വിജയവും കൊണ്ട് ലോകം ആദരിച്ച സ്കോട്ട്-വിൻസെന്റ് ബോർബ ഇപ്പോള്‍ ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Tags

Share this story

From Around the Web