വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടാന്‍ സാധ്യത, അഞ്ചുവര്‍ഷത്തെ താരിഫ് വിജ്ഞാപനം പുറത്തിറക്കി റെഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കാന്‍ സാധ്യത. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് നിര്‍ണയിക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കി.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് വിജ്ഞാപനം. എന്നാല്‍, അന്തിമ നിരക്ക് സംബന്ധിച്ച തീരുമാനം പൊതുഹിയറിങ്ങിനും തുടര്‍നടപടികള്‍ക്കും ശേഷമായിരിക്കും.
കെഎസ്ഇബിയുടെ മുന്‍കാല നഷ്ടങ്ങളും ബാധ്യതകളും നിരക്ക് നിര്‍ണയത്തില്‍ പരിഗണിക്കേണ്ടിവരും. നിലവില്‍ ഏകദേശം 5,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്. ഈ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നാലുവര്‍ഷം കൊണ്ട് ബാധ്യത തീര്‍പ്പാക്കാനുള്ള നിര്‍ദേശവും കമ്മീഷന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുതി നിരക്കിലും സര്‍ചാര്‍ജിലും വര്‍ധനയുണ്ടായേക്കാം.
നിലവില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ധന സര്‍ചാര്‍ജാണ് ഈടാക്കുന്നത്. എന്നാല്‍, ഹ്രസ്വകാല കരാറുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി വാങ്ങലുകള്‍ക്കും സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പുതിയ വിജ്ഞാപനത്തിലുണ്ട്.
വ്യാവസായിക ഉപഭോക്താക്കളുടെ ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ചാര്‍ജ് ഈടാക്കാനുള്ള നിര്‍ദേശം. മറ്റു വിഭാഗങ്ങളില്‍ ഫിക്‌സഡ് ചാര്‍ജും വൈദ്യുതി നിരക്കിന്റെ നിശ്ചിത ശതമാനവും കണക്കിലെടുത്ത് സര്‍ചാര്‍ജ് ചുമത്താനാണ് നിര്‍ദേശം.
രാത്രികാല വൈദ്യുതി നിരക്കും കൂടിയേക്കും.കൂടുതല്‍ ടൈം ഓഫ് ദി ഡേ മീറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഇതനുസരിച്ച് വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും. വൈകിട്ട് ആറുമുതല്‍ രാത്രി 11.30 വരെയുള്ള സമയത്തെ പീക്ക് സമയമായി കണക്കാക്കാനാണ് നിര്‍ദേശം. ഈ സമയത്ത് വൈദ്യുതി നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.