വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കണമെന്നു കെ.എസ്.ഇ.ബി
കോട്ടയം: വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കണമെന്നു കെ.എസ്.ഇ.ബി. വാഷിങ് മെഷീന്‍, ഇലക്ട്രിക് ഓവന്‍, പമ്പ് സെറ്റുകള്‍ എന്നിവ കഴിവതും പ്രവര്‍ത്തിപ്പിക്കാതിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോര്‍ഡ് നിലയിലെത്തിയതിനെ തുടര്‍ന്നാണു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്‍കുന്നത്.
വേനല്‍ കടുത്തതോടെ എ.സി, ഫാന്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചു. പാചകവാതക ലഭ്യതയിലുണ്ടായ കുറവു കാരണം കൂടുതല്‍ പേര്‍ ഇന്‍ഡക്ഷന്‍ കുക്കറുകളെയും ഇലക്ട്രിക് അടുപ്പുകളെയും ആശ്രയിച്ചതും വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായി.
വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണു വൈകിട്ട് 6 മണി മുതല്‍ രാത്രി 11 മണി വരെയുള്ള സമയം.
ഈസമയം ഉപഭോഗം കൂടുന്നതു ഗ്രിഡില്‍ തകരാറുണ്ടാകാനും കാരണമാകും. ലോഡ് വര്‍ധിക്കുന്നതു മൂലം പ്രാദേശികമായി വൈദ്യുതി തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ടില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉപയോഗം 6000 മെഗാവാട്ടു മറികടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിനു മുന്‍പത്തെ ഉയര്‍ന്ന നിരക്ക്.
ബുധനാഴ്ചത്തെ ആകെ ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.