കോട്ടക്കലില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; രണ്ട് രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു
മലപ്പുറം: മലപ്പുറം കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു.
വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചാര്‍ജിങ്ങിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ കൃത്യമായ കാരണം പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
തീപടര്‍ന്നതോടെ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.
സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ലഭ്യമാകും.