ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ, മാധവിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും  ബന്ധുക്കള്‍

 
medical

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിഎംഒ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. 

ചികിത്സാ പിഴവ് സംഭവിച്ചതായും മരണവിവരം ഡോക്ടര്‍മാര്‍ മറച്ചുവെച്ചതായും ആരോപിച്ച് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് നടപടി.

ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുകൊണ്ടുവന്ന മാധവിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

മാധവിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണവിവരം കൃത്യമായി അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു. അനസ്‌തേഷ്യ നല്‍കിയതിലോ ശസ്ത്രക്രിയയ്ക്കിടയിലോ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നാണ് കുടുംബത്തിന്റെ സംശയം. 

അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റിയ സമയത്ത് രോഗിയുടെ രക്തസമ്മര്‍ദം കുറഞ്ഞിരുന്നുവെന്നും തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

 വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മാധവിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Tags

Share this story

From Around the Web