വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു, പൊള്ളലേറ്റ വയോധികയ്ക്ക് മരണം

 
2333

കൊച്ചി: വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ അന്തരിച്ചു. എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ മറിയം പൈലി (71) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. വീട്ടിലെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ, കത്തിയ മെഴുകുതിരി മറിയത്തിന്റെ വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു. വലതു കൈയ്യും ഒരു കാലും തളർന്ന നിലയിലായിരുന്ന ഇവർക്ക് തീ പടർന്നപ്പോൾ വേഗത്തിൽ മാറാൻ സാധിച്ചില്ല. ധരിച്ചിരുന്ന നൈറ്റിയിൽ തീ വീണ് നിമിഷങ്ങൾക്കകം ശരീരം മുഴുവൻ പടരുകയായിരുന്നു.

വർഷങ്ങളായി ഒറ്റയ്ക്കാണ് മറിയം താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ കൂനമ്മാവിൽ നിന്ന് സഹോദരി എത്തിയാണ് സഹായങ്ങൾ ചെയ്തിരുന്നത്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ഇവർക്ക് രക്ഷാപ്രവർത്തനം നടത്തിയത്.

ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റ മറിയം, ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ എളമക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം ഇന്ന് നടക്കും.

Tags

Share this story

From Around the Web