എൽനിനോ സാഹചര്യം തുടരുന്നു: കേരളത്തിൽ ജൂലൈയിലും മഴ കുറയും. മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ മാസത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സാധാരണ ലഭിക്കാവുന്ന മഴയേക്കാൾ കുറവായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
എൽനിനോ സാഹചര്യം തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (Indian Ocean Dipole-IOD)ഇപ്പോൾ ന്യൂട്രൽ സ്ഥിതിയിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രൽ ഐഒഡി സ്ഥിതി മുഴുവൻ കാലവർഷ സീസണിലും തുടരാനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.