എല്‍നിനോ ശക്തമാകുന്നു; ഇന്ത്യയില്‍ ഡെങ്കിപ്പനി കൂടാന്‍ സാധ്യത ; ആരോഗ്യ മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
ന്യൂഡല്‍ഹി: എല്‍നിനോ ശക്തമാകുന്നതോടെ ഇന്ത്യയിലും ദക്ഷിണേഷ്യയിലും ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാഹചര്യമൊരുക്കാമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തല്‍.
എല്‍നിനോയുടെ ആരോഗ്യപ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ മേഖലയില്‍ സമുദ്രോപരിതല ജലത്തിന്റെ താപനില സാധാരണയേക്കാള്‍ ഉയരുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതിന്റെ സ്വാധീനം കാറ്റിന്റെ ഗതിയിലും മഴയിലും താപനിലയിലും ആഗോളതലത്തില്‍ മാറ്റങ്ങളുണ്ടാക്കാം.
ഇന്ത്യയില്‍ എല്‍നിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എല്‍നിനോ പ്രതിഭാസത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഇത് ഈ വര്‍ഷം അവസാനത്തോടെ പാരമ്യത്തിലെത്തുമെന്നും അടുത്തവര്‍ഷം ഫെബ്രുവരിവരെ തുടരാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
എല്‍നിനോ നേരിട്ട് ഡെങ്കിപ്പനി ഉണ്ടാക്കുന്നില്ലെങ്കിലും താപനില, മഴ, ഈര്‍പ്പം തുടങ്ങിയ ഘടകങ്ങളിലെ മാറ്റങ്ങള്‍ ഏഡിസ് കൊതുകുകളുടെ പ്രജനനത്തിനും ഡെങ്കി വൈറസിന്റെ വ്യാപനത്തിനും അനുകൂല സാഹചര്യമൊരുക്കാം. മഴയുടെ അളവിലും ഇടവേളകളിലും മാറ്റമുണ്ടാകുമ്പോള്‍ വീടുകളിലെ പാത്രങ്ങള്‍, ടയറുകള്‍, ബക്കറ്റുകള്‍, ചെടിച്ചട്ടികള്‍, ടെറസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകുകളുടെ പ്രജനനത്തിന് കാരണമാകാം. അമിതമഴയ്ക്ക് പിന്നാലെ ചൂടും ഈര്‍പ്പവും കൂടുന്നതും കൊതുകുകളുടെ പ്രജനനം വര്‍ധിപ്പിച്ചേക്കാം.
അമിതചൂടാണ് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം. ഉയര്‍ന്ന താപനില നിര്‍ജലീകരണത്തിനും ഹീറ്റ്‌സ്‌ട്രോക്കിനും കാരണമാകാം. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍ അമിതചൂട് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കാനും സാധ്യതയുണ്ട്. വിയര്‍പ്പിലൂടെ വെള്ളവും ലവണങ്ങളും കൂടുതലായി നഷ്ടപ്പെടുന്നതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാല്‍ നിര്‍ജലീകരണം ഉണ്ടാകാം. തലവേദന, ക്ഷീണം, തലകറക്കം, അമിതമായ വിയര്‍പ്പ്, പേശിവേദന എന്നിവ ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. ശരീരതാപനില അപകടകരമായി ഉയരുക, ബോധം നഷ്ടപ്പെടുക, ആശയക്കുഴപ്പം ഉണ്ടാകുക തുടങ്ങിയവ ഹീറ്റ്‌സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാകാം. ഇത് അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയാണ്.
എല്‍നിനോയുടെ സാഹചര്യത്തില്‍ ചില പ്രദേശങ്ങളില്‍ സാധാരണയെക്കാള്‍ കുറഞ്ഞ മഴയും കൂടുതല്‍ ചൂടും അനുഭവപ്പെടാമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തല്‍. ദക്ഷിണേഷ്യയിലെ ചില മേഖലകളില്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കാമെന്നും മുന്നറിയിപ്പുണ്ട്.
മഴ കുറയുന്നത് ജലലഭ്യതയെയും ശുചിത്വത്തെയും ബാധിക്കാം. മറുവശത്ത് പെട്ടെന്നുള്ള കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായാല്‍ മലിനജലത്തിലൂടെ പകര്‍ച്ചവ്യാധികള്‍ക്ക് സാഹചര്യമുണ്ടാകാം. കാലാവസ്ഥാ മാറ്റം കൃഷിയെയും ഭക്ഷ്യ ഉല്‍പ്പാദനത്തെയും ബാധിച്ചാല്‍ ഭക്ഷ്യലഭ്യതയിലും വിലയിലും പ്രത്യാഘാതമുണ്ടാകാം.
കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മതിയായ പോഷണം ഉറപ്പാക്കേണ്ടതും പ്രധാനമാണ്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, കൊതുകുവലയും മറ്റ് കൊതുക് പ്രതിരോധ മാര്‍ഗങ്ങളും ഉപയോഗിക്കുക, പകല്‍ സമയത്തും കൊതുകുകടിയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുക എന്നിവ പ്രധാനമാണ്. പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ പരിശോധനകള്‍ നടത്തണം.
ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ തുടക്കലക്ഷണങ്ങളില്‍ സാമ്യമുണ്ടാകാം. പനി തുടരുക, ശക്തമായ ശരീരവേദന, തലവേദന, കണ്ണിന് പിന്നില്‍ വേദന, ഛര്‍ദി, രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍, അമിതമായ ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടണമെന്നും മുന്നറിയിപ്പുണ്ട്.