എല്‍ നിനോ പ്രതിഭാസം ശക്തമാകുന്നു; തമിഴ്നാട്ടില്‍ കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഈ വര്‍ഷം 12.6 ശതമാനം മഴക്കുറവ്
ചെന്നൈ: എല്‍ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ തമിഴ്നാട്ടില്‍ കടുത്ത വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ മുന്നറിയിപ്പ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഈ വര്‍ഷം 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
2015-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പശ്ചിമഘട്ട മേഖലയിലെ മഴക്കുറവും സംസ്ഥാനത്തെ ജലലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ സാധാരണ നിലയില്‍ 468 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല പ്രവചിക്കുന്നതെങ്കിലും, എല്‍ നിനോ സ്വാധീനത്താല്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മഴക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
മഴയിലുണ്ടാകുന്ന ഈ അസന്തുലിതാവസ്ഥയും ഭൂഗര്‍ഭജലത്തിന്റെ അമിത ഉപയോഗവും നെല്ല്, നിലക്കടല, ചോളം, പരുത്തി, പയര്‍വര്‍ഗങ്ങള്‍, കരിമ്പ്, തെങ്ങ് തുടങ്ങിയ പ്രധാന വിളകളുടെ ഉല്‍പ്പാദനത്തെയും കന്നുകാലികള്‍ക്കുള്ള തീറ്റപ്പുല്ലിന്റെ ലഭ്യതയെയും സാരമായി ബാധിച്ചേക്കും. പ്രതിസന്ധി മറികടക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക, കുടിവെള്ളം സംരക്ഷിക്കുക, വരള്‍ച്ചയെ അതിജീവിക്കുന്ന ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുക, കര്‍ഷകര്‍ക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അയല്‍സംസ്ഥാനത്തെ ഈ കാലാവസ്ഥാ പ്രതിസന്ധി കേരളത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രതിവര്‍ഷം ഏകദേശം 40 ലക്ഷം മെട്രിക് ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉല്‍പ്പാദനം അഞ്ച് ലക്ഷം മെട്രിക് ടണ്‍ മാത്രമായതിനാല്‍, അരി, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയ്ക്കായി നാം തമിഴ്നാടിനെ വലിയതോതില്‍ ആശ്രയിക്കുന്നുണ്ട്. ജലക്ഷാമം മൂലം തമിഴ്നാട്ടില്‍ കൃഷിയും വിളവെടുപ്പും കുറയുന്നത് കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ നേരിട്ട് ബാധിക്കുകയും, വരും മാസങ്ങളില്‍ അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തേക്കാം.