ബംഗളൂരുവിൽ ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ, എട്ടുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ, ഭാര്യ കസ്റ്റഡിയിൽ
ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ അപ്പാർട്ട്‌മെന്റിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിരായുവ് ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റ് ഡോ. കിരൺ ഹൊനന്നാവർ (45) ആണ് മരിച്ചത്. ഇതേ അപ്പാർട്ട്‌മെന്റിൽ ഗുരുതരമായി കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട കിരണിന്റെ ഭാര്യയും നേത്രരോഗവിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാർട്ട്‌മെന്റിലാണ് കുടുംബം താമസിച്ചിരുന്നത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ സാധ്യതയില്ലാത്തതിനാൽ സംഭവം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ഡോ. കിരണിനെ ബന്ധുക്കൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ സമയം അദ്ദേഹം വിശ്രമത്തിലാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ പ്രിയങ്ക മറുപടി നൽകിയതായി ബന്ധുക്കൾ പറയുന്നു. സംശയം തോന്നിയ ബന്ധുക്കൾ അപ്പാർട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മുറിയിൽ ഗുരുതരാവസ്ഥയിലായ നിലയിൽ മകനെയും കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടിക്ക് നേരിയ ശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും, ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.