കര്‍മധന്യതയുടെ എണ്‍പതാണ്ടുകള്‍; ഡോ. എം. സൂസപാക്യത്തിന് ജന്മദിനാശംസകള്‍

 
soosapakyam


തിരുവനന്തപുരം: ലാളിത്യം കൊണ്ടും കര്‍മ്മധീരത കൊണ്ടും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഹൃദയം കവര്‍ന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എണ്‍പതാം ജന്മദിനത്തിന്റെ നിറവില്‍. 

മൂന്ന് പതിറ്റാണ്ടിലേറെ അതിരൂപതയെ കരുത്തോടെ നയിച്ച അദ്ദേഹം, വിശ്രമജീവിതത്തിനിടയിലും സഭയുടെയും സമൂഹത്തിന്റെയും ആത്മീയ വഴികാട്ടിയായി കര്‍മനിരതനാണ്.

മംഗലപുരം കാരമൂട് സെന്റ് വിന്‍സന്റ്‌സ് മൈനര്‍ സെമിനാരിയില്‍ നടന്ന ലളിതമായ ചടങ്ങുകളോടെയായിരുന്നു എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍. 

രാവിലെ നടന്ന സമ്മേളനത്തില്‍ പുനലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സെമിനാരി റെക്ടര്‍ റവ. ഡോ. ആന്‍ഡ്രൂസ് കോസ്‌മോസ്, അതിരൂപതാ ചാന്‍സലര്‍, വൈദിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവാ എന്നിവര്‍ വൈകുന്നേരം വെള്ളയമ്പലത്തെ പ്രീസ്റ്റ് ഹോമിലെത്തി ആശംസകള്‍ നേര്‍ന്നു.

1946 മാര്‍ച്ച് 11-ന് കന്യാകുമാരി ജില്ലയിലെ നീരോടിയില്‍ ജനിച്ച ഡോ. സൂസപാക്യം 1970-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1990-ല്‍ ബിഷപ്പായി നിയമിതനായ അദ്ദേഹം, 2004-ല്‍ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 

കടലോരത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം 'തീരദേശത്തിന്റെ ഇടയന്‍' എന്ന പേരില്‍ ജനഹൃദയങ്ങളില്‍ ഇടംനേടി.

കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ്, കേരള ലത്തീന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് അദ്ദേഹം ശക്തമായ നേതൃത്വം നല്‍കി.

 മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്‍നിര പോരാളിയായിരുന്ന അദ്ദേഹം, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.

നിലവില്‍ വെള്ളയമ്പലത്തെ പീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ആശംസകള്‍ നേരാന്‍ വിവിധ സഭാധികാരികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നു. ജന്മദിനത്തോടനുബന്ധിച്ച് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും സ്‌നേഹാദരങ്ങളും സംഘടിപ്പിച്ചു.

Tags

Share this story

From Around the Web