പത്ത് മാസം കൊണ്ട് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; വീണ്ടും അവകാശവാദവുമായി ട്രംപ്
ലോകത്തെവിടെ യുദ്ധം നടന്നാലും അവിടെയെല്ലാം ഇടപെടുന്ന ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശ വാദങ്ങളുന്നയിച്ച് രംഗത്ത്.
പത്ത് മാസത്തിനുള്ളിൽ ഗാസ സംഘർഷം അടക്കം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് ട്രംപ് പ്രസംഗിച്ചത്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വർഷാവസാന പ്രസംഗത്തിൽ (year end address) ആണ് താൻ ചെയ്ത ‘വീരപ്രവർത്തികളെ’ അദ്ദേഹം അഭിമാനപൂർവം അമേരിക്കൻ ജനതയ്ക്ക് മുന്നിൽ നിരത്തിയത്.
‘അമേരിക്കയുടെ പഴയ ശക്തി ഞാൻ പുനഃസ്ഥാപിച്ചു. 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഇറാന്‍റെ ആണവ ഭീഷണി തടഞ്ഞു, ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു,
3,000 വർഷത്തിനിടെ ആദ്യമായി മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവന്നു, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളുടെ മോചനം ഉറപ്പാക്കി’ – ട്രംപ് പറഞ്ഞു.
കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിലും തന്‍റെ സർക്കാർ വിജയം കൈവരിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു.
കുടിയേറ്റ നയങ്ങളിലെ മൃദുസമീപനമാണ് ബൈഡൻ ഭരണകൂടം ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, വർഷങ്ങളോളം അമേരിക്കക്ക് വേണ്ടി സൈനിക സേവനം ചെയ്തവരെയടക്കം രാജ്യത്ത് നിന്ന് പുറത്താക്കിയതിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കെയാണ് ട്രംപിന്റെ അവകാശവാദങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പകരചുങ്ക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. താരിഫിലൂടെ ശതകോടികളാണ് രാജ്യത്തേക്ക് ഒഴുകിയതെന്നും ട്രംപ് അവകാശപ്പെട്ടു.