നൈജീരിയയിലെ കടുന സംസ്ഥാനത്തുനിന്നും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങള്‍ മോചിതരായി
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട്, നൈജീരിയയിലെ കടുന സംസ്ഥാനത്തുനിന്നും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങള്‍ മോചിതരായി. കഫാഞ്ചാന്‍ രൂപതാ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനെറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആശ്വാസ വാര്‍ത്ത സ്ഥിരീകരിച്ചത്. മോചിതരായവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും മാനസികമായ പിന്തുണയും നല്‍കിവരുന്നതായും രൂപത അറിയിച്ചു.
2026 ഫെബ്രുവരി 9-നാണ് കത്തോലിക്കാ വൈദികനായ ഫാ. നഥാനിയേല്‍ അസുവേയെ ഉള്‍പ്പെടെ ഒമ്പത് പേരെ സായുധസംഘം തട്ടിക്കൊണ്ടുപോയത്. ഫാ. നഥാനിയേലിനെ ഭീകരര്‍ നേരത്തെ മോചിപ്പിച്ചിരുന്നു. വൈദികന്റെ മോചനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ബാക്കിയുള്ള വിശ്വാസികളെയും വിട്ടയച്ചത്. വര്‍ഷങ്ങളായി കടുനയിലും തെക്കന്‍ മേഖലകളിലും തുടരുന്ന സുരക്ഷാ ഭീഷണികള്‍ക്കിടയില്‍, ഈ മോചനവാര്‍ത്ത വിശ്വാസി സമൂഹത്തിനും ഇവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു ആശ്വാസമാണെന്ന് രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ട ദൈവത്തോടും ഒപ്പം നിന്ന എല്ലാവരോടും രൂപത നന്ദി പ്രകടിപ്പിച്ചു.