എട്ടുമാസംമുന്‍പ് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ 18-കാരിയെ കണ്ടെത്താന്‍ പോലീസിന് തുമ്പായത് ആധാര്‍ ഒ.ടി.പി.
ബെംഗളൂരു: കര്‍ണാടകത്തില്‍ എട്ടുമാസംമുന്‍പ് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ 18-കാരിയെ കണ്ടെത്താന്‍ പോലീസിന് തുമ്പായത് ആധാര്‍ ഒ.ടി.പി. വിദ്യാരണ്യപുരയില്‍നിന്ന് കഴിഞ്ഞ ജനുവരിയില്‍ കാണാതായ രണ്ടാം വര്‍ഷ പി.യു.സി. വിദ്യാര്‍ഥിനിയെയാണ് സി.ഐ.ഡി. സംഘം ഒടുവില്‍ കണ്ടെത്തിയത്. കനകപുര താലൂക്കിലെ ഒരു ഗ്രാമത്തില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കഴിഞ്ഞ ജനുവരി 31-ന് കോളേജില്‍ പോകുകയാണെന്നുപറഞ്ഞാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരിക്കൊപ്പം വീട്ടില്‍നിന്നിറങ്ങിയത്. മൊബൈല്‍ ഫോണുകളോ മറ്റുവസ്തുക്കളോ എടുക്കാതെ, ആധാര്‍ കാര്‍ഡുകളും ബാഗും മാത്രം കയ്യിലെടുത്താണ് ഇരുവരും വീടുവിട്ടത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്ന നിഗമനത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്.
മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് ഏപ്രിലില്‍ കേസ് സി.ഐ.ഡി. ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് അന്വേഷണസംഘത്തിന് നിര്‍ണായകമായ ആ ലേശംപോലും പ്രതീക്ഷിക്കാത്ത വഴിതിരിവ് ലഭിച്ചത്. സമീപകാലത്ത് ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്യുന്നതിനായി പെണ്‍കുട്ടി നല്‍കിയ ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് ഒരു മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി. അയക്കപ്പെട്ടിരുന്നു. ഈ ഡിജിറ്റല്‍ വിവരത്തിന്റെ ചുവടുപിടിച്ച് നടത്തിയ അതിവിദഗ്ദ്ധമായ അന്വേഷണമാണ് ഫോണ്‍ നമ്പറിന്റെ ഉടമയായ യുവാവിലേക്കും ഒടുവില്‍ പെണ്‍കുട്ടിയിലേക്കും അന്വേഷണസംഘത്തെ എത്തിച്ചത്.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി തനിക്കൊപ്പമുണ്ടെന്ന് യുവാവ് മൊഴിനല്‍കുകയായിരുന്നു. ഹൈക്കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റേ കുട്ടിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമായി തുടരുകയാണ്. ആ കുട്ടിയെ കണ്ടെത്തുന്നതുവരെ അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.