വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗല്‍ എന്‍ജിനിയറിങ് കോളജ് അധികൃതര്‍. കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി

 
CAR ACCIDENT

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗല്‍ എന്‍ജിനിയറിങ് കോളജ് അധികൃതര്‍. പുലര്‍ച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു. അതിനിടെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വിശദീകരണം.

അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ട്രിപ്പ് പ്ളാന്‍ ചെയ്ത് പോയതാകാമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. മരിച്ച സന്തോഷ് കോളജ് ഹോസ്റ്റലിലാണ് നില്‍ക്കുന്നത്.

വീട്ടില്‍ പോയതിനുശേഷമാണ് ട്രിപ്പ് പോയതെന്നും കോളജ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും കോളജ് അധികൃതരും സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

സ്പീഡ്ബ്രേക്കറുകള്‍ ഇല്ലാത്തതിനാല്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഹൈവേയിലേക്ക് സര്‍വീസ് റോഡില്‍ നിന്നു വേഗത്തില്‍ പ്രവേശിക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്.

വാഹനാപകടത്തിന് പ്രധാന കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള മറ്റു കാരണങ്ങളായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. 

കൃത്യമായ സിഗ്നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ ലോറികള്‍ നിര്‍ത്തിയിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags

Share this story

From Around the Web