എട്ടുനോമ്പ് ചിന്തകൾ......
പരിശുദ്ധ കന്യകയുടെ തെരഞ്ഞെടുപ്പ്
ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മാനവ വംശത്തെ രക്ഷിക്കുവാന്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിലേക്കയച്ചു. ദൈവത്തിന്‍റെ കാരുണ്യം മനുഷ്യരില്‍ പ്രകാശിപ്പിക്കുവാന്‍ അവിടുന്ന് മനുഷ്യരൂപം സ്വീകരിക്കുകയാണ് ചെയ്തത്. അങ്ങനെ പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും സമുചിതമായ കാര്യമാണ്. ദൈവമാതൃത്വം സ്വീകരിച്ചുകൊണ്ട് മറിയത്തിന് ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ സാധിച്ചു.
അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിക്കുകയായിരിന്നു. പ്രപഞ്ചോല്‍പത്തിയുടെ ആരംഭത്തില്‍ തന്‍റെ വഴികളുടെ ആരംഭത്തില്‍ യാതൊന്നും സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആദിയില്‍ മറിയത്തെ സ്വായത്തമാക്കിയിരുന്നു.
വചനം പറയുന്നു, "സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായഅരുവികള്‍ക്കും മുന്‍പുതന്നെഎനിക്കു ജന്‍മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കുംരൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു" (സുഭാഷിതം 8:23-28). പരിശുദ്ധ കന്യകയെപ്പോലെ നമ്മെ ഓരോരുത്തരെയും ദൈവം തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തില്‍ ഒരു ദൗത്യം നമുക്കു നിര്‍വഹിക്കുവാനുണ്ട്. കുടുംബത്തിലും സമുദായത്തിലും രാഷ്ട്രത്തിലും നമ്മുടെ ദൗത്യനിര്‍വഹണമാവശ്യമുണ്ട്.