നൈജീരിയയില്‍ നടന്ന സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

 
Cross

പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു രാത്രിയിൽ നടന്ന സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ്സ, ബാർക്കിൻ ലാഡി, റിയോം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. വെടിവയ്പ്പ് പ്രദേശത്ത് വ്യാപിച്ചതോടെ പ്രദേശവാസികള്‍ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ബസ്സ എൽ‌ജി‌എയിലെ ക്വാൾ ജില്ലയിലെ ക്പാഷോയിൽ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് ആദ്യ ആക്രമണം നടന്നത്. അവിടെ ആയുധധാരികൾ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ പതിയിരുന്ന് ആക്രമിച്ചു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ബാർക്കിൻ ലാഡി എൽജിഎയിലെ ഹുറം ഗാഷിഷ് എൻടിവി എന്ന പ്രദേശത്തെത്തിയ അക്രമികൾ വീടുകളില്‍ ഇരച്ചുകയറി താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരിന്നു.

ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 11 മണിയോടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ, റിയോം എൽജിഎയിലെ ഷോനോങ് ബാച്ചി കമ്മ്യൂണിറ്റിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചു കയറി. വെടിവെയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. സുരക്ഷാ പ്രവർത്തകർ പ്രദേശത്തെ നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ആക്രമണങ്ങള്‍ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

Tags

Share this story

From Around the Web