ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ ഭീഷണി
കെയ്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത സെയ്ദ് മന്‍സൂര്‍ റിസ്‌ക് അബ്ദുല്‍റസാഖ് എന്ന യുവാവ് വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്.
അബ്ദുല്‍റസാഖിന് പരമാവധി ശിക്ഷയായ വധശിക്ഷയോ അല്ലെങ്കില്‍ 25 വര്‍ഷത്തെ കഠിനതടവോ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സെയ്ദ് ഫായിസ് വെളിപ്പെടുത്തി. 2025 ജൂലൈയില്‍ അറസ്റ്റിലായ ഇദ്ദേഹം നിലവില്‍ ഈജിപ്തിലെ 'ടെന്‍ത് ഓഫ് റമദാന്‍' ജയിലിലാണ് കഴിയുന്നത്.
ഇസ്ലാം മതത്തെ നിന്ദിച്ചു, പൊതു ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു, നിരോധിത ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോപ്റ്റിക് സോളിഡാരിറ്റി എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. എന്നാല്‍, ഇത്തരമൊരു ഭീകര സംഘടന നിലവിലില്ലെന്നും, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിനാണ് അധികൃതര്‍ ഈ കള്ളക്കേസുകള്‍ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും ആരോപിക്കുന്നു.
അതേസമയം കസ്റ്റഡിയില്‍വെച്ച് അബ്ദുല്‍റസാഖ് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ടതായി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സോഫിയ വ്യക്തമാക്കി. കൈയിലെ കുരിശിന്റെ രൂപം ബലമായി മായ്ക്കാന്‍ ശ്രമിച്ചെന്നും, ചുവരുകളില്‍ ബന്ധിച്ച് കുരിശിലേറ്റുന്നതിന് സമാനമായ രീതിയില്‍ മണിക്കൂറുകളോളം പീഡിപ്പിച്ചെന്നും അവര്‍ വെളിപ്പെടുത്തി.
വീണ്ടും ഇസ്ലാമിലേക്ക് മടങ്ങാനും, ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മറ്റുള്ളവരെക്കുറിച്ച് വിവരം നല്‍കുന്ന ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
മുസ്ലിം കുടുംബത്തില്‍ ജനിച്ച അബ്ദുല്‍റസാഖ് അയല്‍വാസിയുടെ കടയില്‍ തുറന്നുവെച്ചിരുന്ന ഒരു ബൈബിള്‍ കണ്ടപ്പോഴാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസിലാക്കുവാന്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിട്ട ഇദ്ദേഹം മുന്‍പ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു.
തുടര്‍ന്ന് തന്റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ മതം മാറ്റം രേഖപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് 2025-ല്‍ വീണ്ടും അറസ്റ്റിലാകുന്നത്. അതേസമയം കേസില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേസ് ഡിസംബര്‍ 8-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.