ഈജിപ്തില്‍ 191 ക്രൈസ്തവദേവാലയങ്ങള്‍ക്ക് കൂടി അംഗീകാരം
കെയ്‌റോ/ഈജിപത്: തൊഴില്‍ നിഷേധം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടങ്ങിയ നിരവധി വെല്ലുവിളികളിലൂടെ ക്രൈസ്തവവിശ്വാസികള്‍ കടന്നുപോകുന്ന ഈജിപ്തില്‍ 191 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടെ നിയമസാധുത നല്‍കി സര്‍ക്കാര്‍. പീഡനങ്ങളും നിയന്ത്രണങ്ങളും ഏറുന്ന കാലഘട്ടങ്ങളില്‍ തഴച്ചുവളര്‍ന്ന ചരിത്രമാണ് ക്രൈസ്തവ വിശ്വാസത്തിനുള്ള. നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും ചൈനയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണമാണ്. ഏറ്റവുമൊടുവിലായി, ക്രൈസ്തവര്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈജിപ്തില്‍ നിന്നുള്ള ഈ വാര്‍ത്തയും ഇതിന് അടിവരയിടുന്നു.
ഘട്ടം ഘട്ടമായി നല്‍കിവരുന്ന ദേവാലയങ്ങളുടെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരുന്ന വിശ്വാസ സമൂഹത്തിന് വലിയൊരു ആശ്വാസമാണ് ഈ തീരുമാനം. ദേവാലയങ്ങളുടെ നിര്‍മാണവും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 2016-ല്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ നിയമം നിലവില്‍ വന്നശേഷം 3804 ദൈവാലയങ്ങള്‍ക്ക് ഗവണ്‍മെന്റ് നിയമസാധുത നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുക തുടങ്ങിയ നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുപ്പതാമത് ബാച്ചില്‍ അംഗീകാരം ലഭിച്ചത്.
ഇതൊരു നല്ല സൂചനയാണെങ്കിലും വെല്ലുവിളികള്‍ അവസാനിക്കുന്നില്ലെന്ന് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ് കാനഡ എന്ന സന്നദ്ധസംഘടനയിലെ ഡുവാന്‍ ഫ്രീസന്‍ പറയുന്നു. ആയിരക്കണക്കിന് ദേവാലയങ്ങള്‍ ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഒരു ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ സാമൂഹികവും സാമ്പത്തികവുമായ നിരവധി വിവേചനങ്ങള്‍ വിശ്വാസികള്‍ ഇന്നും നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിരവധി പീഡനങ്ങളും വിവേചനങ്ങളും നേരിട്ടിട്ടും തങ്ങളുടെ ആദിമ വിശ്വാസവും പാരമ്പര്യവും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ അപൂര്‍വ്വം സഭകളില്‍ ഒന്നാണ് ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ. നിലവില്‍ ഈജിപ്തിലെ ജനസംഖ്യയുടെ 10-15 ശതമാനത്തോളം വരുന്ന ഇവര്‍ മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമാണ്. ജനസംഖ്യയുടെ 3% ശതമാനത്തോളം വരുന്ന കോപ്റ്റിക്ക് കത്തോലിക്കരും വിശ്വാസ തീക്ഷ്ണതയുടെ കാര്യത്തില്‍ ~~ഒട്ടും~പുറകിലല്ല. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളും സാമൂഹികമായ ഒറ്റപ്പെടുത്തലുകളും നേരിടുമ്പോഴും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നിന്ന് മുന്നേറുന്ന ഈജിപ്തിലെ വിശ്വാസികള്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നു.