കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മുട്ടയുടെ വിലയില്‍ വന്‍ വര്‍ധനവ്.35 ശതമാനം മുതല്‍ 40 ശതമാനം വരെ. ഇ20 ഫ്യുവല്‍ നയം പ്രാബല്യത്തില്‍ വന്നതോടെയാണ് മാറ്റം

 
egg

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മുട്ടയുടെ വിലയില്‍ വന്‍ വര്‍ധനവ്. 35 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് വില വര്‍ധിച്ചത്. രാജ്യത്ത് ഇ20 ഫ്യുവല്‍ നയം പ്രാബല്യത്തില്‍ വന്നതോടെയാണ് ഈ മാറ്റം.


എഥനോള്‍ ഫാക്ടറികള്‍ വന്‍ തോതില്‍ ചോളം വാങ്ങാന്‍ തുടങ്ങിയത് മുട്ട വിതരണക്കാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ ഇന്ത്യയിലെ ആകെ ചോളം ഉല്‍പ്പാദനത്തില്‍ ഏകദേശം 1.7 കോടി മെട്രിക് ടണ്ണും എഥനോള്‍ നിര്‍മിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്.


അതേസമയം കോഴി കൃഷി നടത്തുന്നവര്‍ തീറ്റയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ചോളത്തെയാണ്. കോഴികളുടെ ഭക്ഷണത്തിന്റെ 65 ശതമാനം മുതല്‍ 70 ശതമാനം വരെ ചോളമാണ്. കൂടാതെ, ഉയര്‍ന്ന വില നല്‍കി എഥനോള്‍ കമ്പനികള്‍ ചോളം വാങ്ങുന്നതും പ്രതിസന്ധി ഉണ്ടാക്കി.

ഇതോടെ ഒരു ടണ്‍ ചോളത്തിന്റെ വില 14,000-ല്‍ നിന്ന് 26,500 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ കുതിച്ചുചാട്ടമാണിത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 20 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുപ്രകാരം റീട്ടെയില്‍ വിപണിയില്‍ ഒരു മുട്ടയുടെ വില 8.50 മുതല്‍ ഒമ്പത് വരെയായി ഉയര്‍ന്നിട്ടുണ്ട്. ഫാം വിലയിലെ വര്‍ധനവാണ് ഈ വ്യത്യാസത്തിന് കാരണമായത്. ഏഴ് രൂപയാണ് മുട്ടയുടെ ഫാം വില.


ശൈത്യകാലത്ത് മുട്ടയുടെ ഉപഭോഗം കൂടുതലായതിനാല്‍ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചോളത്തിന് പുറമെ അതികഠിനമായ ചൂടും കാലാവസ്ഥ വ്യതിയാനവും മുട്ടയുടെ വിലയെ ബാധിക്കുന്നുണ്ട്.

ഇ20 പെട്രോള്‍ ലക്ഷ്യമിട്ട് എഥനോള്‍ നിര്‍മിക്കാന്‍ പ്രധാനമായും കരിമ്പ് നീരാണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കരിമ്പിന്റെ ഉപയോഗം രാജ്യത്ത് പഞ്ചസാരയുട ലഭ്യത കുറയ്ക്കുകയും പഞ്ചസാര വില ഉയരാന്‍ കാരണമാകുകയും ചെയ്തു.

ഇതോടെയാണ് എഥനോള്‍ നിര്‍മാണത്തിനായി ചോളത്തിന്റെ ഉപയോഗം കൂട്ടിയത്. അതേസമയം ചെറിയ ആശ്വാസമുണ്ടായെങ്കിലും പഞ്ചസാരയുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്.

Tags

Share this story

From Around the Web