മുട്ടയുടെ വിലയും സര്‍വകാല റെക്കോര്‍ഡിലേക്ക്. കഴിഞ്ഞ ആറു മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെയാണ് വില വര്‍ധിച്ചു

 
egg

തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയും സര്‍വകാല റെക്കോര്‍ഡിലേക്ക്. അടുത്തിടെയായി ഫാമുകളില്‍ നിന്നുള്ള നിരക്ക് ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വിപണിയില്‍ മുട്ടവില മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്ന് 'ലോക്കല്‍ സര്‍ക്കിള്‍സ്' പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


കഴിഞ്ഞ ആറു മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെയാണ് വില വര്‍ധിച്ചത്. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 

ഫാമുകളില്‍ നിന്നുള്ള നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 മുതല്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വിലക്കയറ്റത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചുവെന്നറിയാന്‍ നടത്തിയ സര്‍വേയില്‍ 19,638 പേരാണ് പങ്കെടുത്തത്. ഇതില്‍ 48 ശതമാനം ആളുകളും വ്യക്തമാക്കിയത് തങ്ങള്‍ മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചു എന്നാണ്. 10 ശതമാനം പേര്‍ വില കുറഞ്ഞ മറ്റ് ബദലുകള്‍ തേടിയപ്പോള്‍, വില കൂടിയെങ്കിലും ഉപയോഗത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേര്‍ പ്രതികരിച്ചു.


രാജ്യത്തെ പല നഗരങ്ങളിലും ഫാമുകളില്‍ നിന്നുള്ള മുട്ടയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഫാമുകളില്‍ ഒരു മുട്ടയ്ക്ക് 7 രൂപയാണ് വില. ചില്ലറ വിപണികളില്‍ ഇത് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വില 14 രൂപ വരെയെത്തിയിട്ടുണ്ട്.


 നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 100 മുട്ടയ്ക്ക് 558 രൂപ എന്നതില്‍ നിന്നും, അതേവര്‍ഷം ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപയും കടന്നിരിക്കുകയാണ്. 

ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags

Share this story

From Around the Web