പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസം ആവശ്യമാണ്: പാപ്പാ
വത്തിക്കാന്‍സിറ്റി: പാരിസ്ഥിതിക ഉത്തരവാദിത്തം സാങ്കേതിക വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, അവ ആവശ്യമാണെങ്കിലും, പര്യാപ്തമല്ല പകരം മനസ്സിനെയും ഹൃദയത്തെയും കൈകളെയും ഉള്‍പ്പെടുത്തുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, 'ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക - ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത' എന്ന വിഷയത്തില്‍, ത്രേവിസോയില്‍ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീന്‍ആക്കോര്‍ഡ് ഇന്റര്‍നാഷണല്‍ ഫോറത്തില്‍ സംബന്ധിക്കുന്നവര്‍ക്ക്, ലിയോ പാപ്പായുടെ ടെലിഗ്രാം സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.
നിലവിലെ പ്രതിസന്ധികളെ ഒരുമിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ, വരുംതലമുറകള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിന് നമുക്ക് ബഹുമാന്യവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സാമൂഹിക അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പാപ്പായുടെ സന്ദേശത്തില്‍ എടുത്തു പറയുന്നു.
വൈദികര്‍ക്കായുള്ള തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ബെന്യാമിനോ സ്റ്റെല്ല, ത്രേവിസോയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
40 രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പത്രപ്രവര്‍ത്തകര്‍, സ്ഥാപന പ്രതിനിധികള്‍, പൊതു ഭരണാധികാരികള്‍, നൂതന വ്യവസായപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.