മാസപ്പടി കേസ്, വീണയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ ഇ ഡി, ഉടൻ സമൻസ് അയക്കും

 
veena

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ നിർണ്ണായക തുടർനടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). വീണ തൈക്കണ്ടിയുടെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിലുള്ള ലോക്കർ തുറന്ന് പരിശോധിക്കാനാണ് ഇ.ഡിയുടെ പുതിയ നീക്കം.

നേരത്തെ വീണയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ലോക്കർ പരിശോധിക്കുന്നത്. ഇതുവരെ സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ തന്നെ സമൻസ് അയക്കുമെന്നാണ് സൂചന. ഡയറക്ടറേറ്റിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് നോട്ടീസ് കൈമാറും.

അതേസമയം, ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ പരിശോധനകളും ചോദ്യം ചെയ്യലുകളും ഉൾപ്പെടെയുള്ള തുടർനടപടികൾ വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം. വൻകിട പ്രതിരോധത്തിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെയാണ് കമ്പനി കൊച്ചിയിലെത്തിക്കുന്നത്.

കമ്പനിയുടെ ഹർജിയെ കോടതിയിൽ ശക്തമായി എതിർക്കും. കേസിൽ ഇതുവരെ ശേഖരിച്ച അതീവ രഹസ്യ സ്വഭാവമുള്ള തെളിവുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കും. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാകും കോടതിയിൽ ഹാജരാകുക.

തിങ്കളാഴ്ച ഹൈക്കോടതി എടുക്കുന്ന തീരുമാനം ഇ.ഡിയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യലുകളെയും പരിശോധനകളെയും ബാധിക്കുമെന്നതിനാൽ രാഷ്ട്രീയ-നിയമ വൃത്തങ്ങൾ ഏറെ ഉറ്റുനോക്കുന്ന ഒന്നായി ഇത് മാറിയിരിക്കുകയാണ്.

Tags

Share this story

From Around the Web