മാസപ്പടി കേസിൽ അന്വേഷണം വിപുലീകരിച്ച് ഇഡി, മെന്റർമാരുടെ പങ്കും പരിശോധിക്കും

 
veena t

തിരുവനന്തപുരം: മാസപ്പടി കേസിൽ ടി. വീണയുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതൽ വിപുലീകരിക്കുന്നു. കമ്പനിയുടെ രൂപീകരണത്തിലും സിഎംആർഎൽ (CMRL) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകിയ 'മെന്റർ'മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ നീക്കം.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 മണിക്കൂറോളം വീണയെ ഇഡി ചോദ്യം ചെയ്തു. എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ, സിഎംആർഎല്ലുമായുള്ള ഐടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് സാധിച്ചില്ല. കരാർ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നൽകിയില്ല, വാക്കാൽ ഉണ്ടാക്കിയ ധാരണകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ അവർ തയ്യാറായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

എക്സാലോജിക്കിന്റെ രൂപീകരണവും സിഎംആർഎല്ലുമായുള്ള കരാറും വലിയൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. നിയമപരമായ അടിത്തറയുണ്ടാക്കി പണം കൈമാറുകയായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്. സിഎംആർഎൽ കരാറിലൂടെ 2.72 കോടി രൂപയാണ് എക്സാലോജിക്കിനും വീണയ്ക്കും ലഭിച്ചത്. ഈ കരാറിന് ശേഷം കമ്പനി കാര്യമായി മറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടുമില്ല.

ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഉപദേശം നൽകിയ 'മെന്റർ'മാരിലേക്ക് അന്വേഷണം നീളുന്നത്. പിണറായി വിജയൻ സർക്കാരിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്നവരോ വീണയുടെ കമ്പനിയുമായി അടുത്ത് പ്രവർത്തിച്ചിരുന്നവരോ ആയ ചിലരിലേക്കാണ് അന്വേഷണം വിരൽ ചൂണ്ടുന്നത്. ഇതിൽ പ്രധാനപ്പെട്ട രണ്ട് പേരുടെ വിവരങ്ങൾ ഇഡി വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

നൽകിയ മൊഴികളിലെ അവ്യക്തതകൾ നീക്കാൻ ഈ ആഴ്ച തന്നെ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇതിനു പുറമെ, സിഎംആർഎൽ ഡയറിയിൽ പേരുള്ള മറ്റ് രാഷ്ട്രീയ പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡിക്ക് പദ്ധതിയുണ്ട്. പിണറായി വിജയൻ, ഭരണനിരയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവരിലേക്കും അന്വേഷണം എത്തിയേക്കുമെന്നാണ് സൂചനകൾ.

Tags

Share this story

From Around the Web