ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, എം വി ഗോവിന്ദനും വി ശിവൻകുട്ടിക്കും നോട്ടീസ് നൽകിയേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചന സാധ്യതയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വലുതാക്കിയത്. സി.പി.എം ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുൻമന്ത്രി വി. ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് വിവരം. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും, ആക്രമണത്തിന് പിന്നിൽ ആസൂത്രിതമായ ഇടപെടലുകളോ പ്രേരണയോ ഉണ്ടായിരുന്നോ എന്നുമാണ് പ്രത്യേക സംഘം പ്രധാനമായി അന്വേഷിക്കുന്നത്.
പ്രധാന സി.പി.എം നേതാക്കളുടെ ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലങ്ങൾ കേസിൽ നിർണായകമാകും. ആക്രമണം നടന്ന സമയത്തും അതിനുമുമ്പും പ്രതികളും നേതാക്കളും തമ്മിൽ നടത്തിയ ആശയവിനിമയങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.