എക്യൂമെനിക്കല്‍ സാക്ഷ്യം ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യം: ലെയോ പാപ്പ

 
leo papa


കത്തോലിക്കരും ലൂഥറന്‍ സഭകളും തമ്മിലുള്ള എക്യൂമെനിക്കല്‍ സംവാദയാത്ര തുടരണമെന്നും, എക്യൂമെനിക്കല്‍ സാക്ഷ്യം ലോകത്തിന് മുന്നില്‍ ക്രൈസ്തവവിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ. 

ആഗോള ലൂഥറന്‍ ഫെഡറേഷന്റെ പ്രതിനിധി സംഘത്തിന് ഒക്ടോബര്‍ ഒന്നാം തീയതി വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, വിവിധ ക്രൈസ്തവസഭകള്‍ തമ്മിലുള്ള സംവാദത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന എക്യൂമെനിക്കല്‍ സാക്ഷികളെ ലോകത്തിന് ആവശ്യമുണ്ടെന്ന് ഉദ്ബോധിപ്പിച്ച പരിശുദ്ധ പിതാവ്, കത്തോലിക്കാ-ലൂഥറന്‍ സഭകള്‍ക്കിടയിലുള്ള സഹകരണവും സംവാദങ്ങളും തുടരേണ്ടവയാണെന്ന് പ്രസ്താവിച്ചു. 

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ കത്തോലിക്കാ-ലൂഥറന്‍ സഭകള്‍ക്കിടയിലെ ബന്ധം ആത്മീയ ദൈവശാസ്ത്ര തലങ്ങളില്‍ കൂടുതല്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും, അന്താരാഷ്ട്രരംഗത്ത് ഇരുസഭകള്‍ക്കുമിടയിലെ ദൈവശാസ്ത്ര സംവാദങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്യുമെനിസവുമായി ബന്ധപ്പെട്ട് നല്‍കിയ ആഹ്വാനം തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ച പാപ്പ, കര്‍ക്കശ നിലപാടുകള്‍ മറികടന്ന് സഹകരണമനോഭാവത്തിലേക്ക് വളരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. എക്യൂമെനിസം ദൈവ കൃപയുടെ ഒരു യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web