ഗസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി 48 മണിക്കൂര്‍ നേരത്തേക്ക് താത്ക്കാലിക പാത തുറന്ന് നല്‍കി ഇസ്രയേല്‍. ഇന്നലെ രണ്ടു ലക്ഷം പേര്‍ ഗാസ സിറ്റി വിട്ടു

വടക്കന്‍ ഗസയില്‍ നിന്നും തെക്കന്‍ ഗസയിലേക്ക് പലായനം ചെയ്യുന്നവര്‍ക്കായി താത്ക്കാലിക പാത തുറന്നതായി ഇസ്രയേല്‍. സല അല്‍ ദിന്‍ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂര്‍ നേരത്തേക്കാണ് തുറന്നത്. നേരത്തെ അല്‍ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്.
എന്നാല്‍ അല്‍ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കടക്കം വഴിവെച്ചിരുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്.
ഗസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ന് 33 പേരാണ് കൊല്ലപ്പെട്ടത്. നെഗേവ് മരുഭൂമി പ്രദേശത്തെ അല്‍ സിര്‍ ഗ്രാമത്തിലെ 40 വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തു. ബ്രിട്ടീഷ് എം പിമാര്‍ക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേല്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
കൗണ്‍സില്‍ ഫോര്‍ അറബ്-ബ്രിട്ടീഷ് അണ്ടര്‍ സ്റ്റാന്‍ഡിങ്ങിന്റെ ഭാഗമായി എത്തിയ ബ്രിട്ടീഷ് എം പിമാരെയാണ് തടഞ്ഞത്.
മാത്രമല്ല ഗസയിലെ ആശുപത്രികളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കവും ഇസ്രയേല്‍ തടഞ്ഞു.
ആശുപത്രികളിലേക്കുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് തടഞ്ഞത്. ഇതോടെ ആരോഗ്യസേവനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകുമെന്നാണ് ഗസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.