കോംഗോയിലെ എബോള രോഗബാധ: പ്രഥമ അന്താരാഷ്ട്ര അടിയന്തിരസഹായമെത്തിയെന്ന് യൂണിസെഫ്

 
Ebila

എബോള രോഗബാധഭീഷണിയിൽ കഴിയുന്ന കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ജനത്തിന് അന്താരാഷ്ട്രസമൂഹത്തിന്റെ അടിയന്തിര സഹായമെത്തിയതായി, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മെയ് 29 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, രാജ്യത്ത് ഏതാണ്ട് നൂറ് ടണ്ണോളം വരുന്ന ഈ സഹായമെത്തിയതിനെക്കുറിച്ച് സംഘടന വ്യക്തമാക്കിയത്.

മെയ് 26 ചൊവ്വാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം, കോംഗോയിൽ മാത്രം 17 പേർ എബോള ബാധിച്ച് മരണമടഞ്ഞതായും, 121 പേർക്ക് രോഗം ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. അതേസമയം 1.077 പേർക്ക് ഈ രോഗം ബാധിച്ചതായാണ് സംശയിക്കപ്പെടുന്നതെന്ന് സംഘടന അറിയിച്ചു.

കോംഗോയിൽ എബോള പടരുന്നത് തടയാനായി തങ്ങൾ പരിശ്രമിച്ചുവരികയാണെന്നും, ഇപ്പോഴും സ്ഥിതിഗതികൾ തികച്ചും ആശങ്കാജനകമാണെന്നും രാജ്യത്തേക്കുള്ള യൂണിസെഫ് പ്രതിനിധി ജോൺ അഗ്‌ബോർ പ്രസ്താവിച്ചു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് മുൻനിരയിലുള്ള പ്രവർത്തകരെ സംരക്ഷിക്കുന്നതും, കുട്ടികളുൾപ്പെടെ രോഗബാധിതപ്രദേശങ്ങളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നതും ഏറെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ മരണം വിതച്ചുകൊണ്ട് തുടരുന്ന എബോള പടർന്നുപിടിക്കുന്നത് തടയാനും, രോഗികളായവർക്ക് ആശ്വാസമേകാനുമായി നൂറു ടൺ അടിയന്തിര സഹായസാമഗ്രികൾ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും യൂറോപ്യൻ യൂണിയനും സംയുക്തമായി അയക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസ് എഴുതിയിരുന്നു.

നിലവിൽ എത്തിച്ചിരിക്കുന്ന സാധനസാമഗ്രികൾ രാജ്യത്തെ കുഞ്ഞുങ്ങളും കുടുംബങ്ങളുമുൾപ്പെടെ ഒരുലക്ഷത്തോളം ആളുകൾക്ക് ഉപകാരപ്രദമാകുമെന്ന് ശിശുക്ഷേമനിധി അറിയിച്ചു. കോംഗോ ദേശീയനേതൃത്വത്തിനും, മാനവികസന്നദ്ധസംഘടനകൾക്കുമൊപ്പം, എബോള രോഗപ്രസരണം തടയാനും, രോഗികളായവർക്ക് കഴിയുന്ന ശുശ്രൂഷകൾ ഉറപ്പാക്കാനുമായി തങ്ങൾ പരിശ്രമിച്ചവരികയാണെന്നും സംഘടന എഴുതി.

Tags

Share this story

From Around the Web