എബോള, ഖനിയിലെ മണ്ണിടിച്ചില്‍; ആഫ്രിക്കയിലെ ദുരന്തങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ

 
papa 123


വത്തിക്കാന്‍ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തിലും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലുണ്ടായ ഖനിയിലെ മാരകമായ മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് പാപ്പ. 


അനേകം ജീവനുകള്‍ അപഹരിക്കുന്ന എബോള മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ എന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുകയാണ്. 

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; അതുവഴി അനേകം മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും മാര്‍പാപ്പ ഇന്നലെ ഞായറാഴ്ച പറഞ്ഞു.

അതേസമയം എബോള മഹാമാരിയില്‍ മരണം ക്രമാതീതമായി ഉയരുകയാണ്. ഇതുവരെ 2,500-ലധികം മരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ പകുതിയും കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന എബോള കോര്‍ഡിനേറ്റര്‍ ജൂലിയന്‍ ഹാര്‍ണിസ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. 


സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ സാംബോയേയിലെ ഖനിയിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും പാപ്പ ഇന്നലെ പറഞ്ഞു.

ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവം സ്വീകരിക്കട്ടെ; ഖനനമേഖലകളില്‍ സുരക്ഷയും നിയമപാലനവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് അവിടുന്ന് കരുത്തേകട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സ്വര്‍ണ ഖനി തകര്‍ന്ന് മരിച്ചവരുടെ എണ്ണം 120 പിന്നിട്ടിരിക്കുകയാണ്. 

ചൊവ്വാഴ്ച നാന മാംബെരെ പ്രവിശ്യയില്‍ കാമറൂണ്‍ അതിര്‍ത്തിക്ക് സമീപമായിരുന്നു സംഭവം. മരണം 120 കടന്നെന്നും നിരവധി പേര്‍ മണ്ണിനടിയിലായെന്നും റെഡ് ക്രോസ് വോളന്റിയര്‍മാരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Tags

Share this story

From Around the Web