'മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് തവണ തീവെച്ചു' സിനഗോഗ് തീവെപ്പ് കേസ് പ്രതി എബിന്‍ പോള്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

 
ebin paul


 
എറണാകുളം: എറണാകുളം ജൂതപ്പള്ളി തീവെപ്പ് കേസ് പ്രതി എബിന്‍ പോള്‍ നടത്തിയ കൂടുതല്‍ ആക്രമണങ്ങളുടെ വിവരങ്ങള്‍ പുറത്ത്. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ടുതവണ തീവെപ്പ് നടത്തി. മേക്കടമ്പ് അമ്പലപ്പടി വിനോദ് ഭാസ്‌കരന്റെ നാരായണ മന്ദിരം എന്ന വീട്ടിലായിരുന്നു ആക്രമണം. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോപ്പിലെ തീവെപ്പിന് മുമ്പാണ് സംഭവം. ജനുവരി അഞ്ചിനും മാര്‍ച്ച് എട്ടിനുമായിരുന്നു ആക്രമണങ്ങള്‍.

രണ്ടുതവണയായി നടന്ന തീവെപ്പില്‍ വീടിന്റെ മുന്‍ വാതിലും വീട്ടുപകരണങ്ങളും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ അന്ന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീടിന് തീവെയ്ക്കാന്‍ എബിന്‍ നീല ഇഗ്‌നിസില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. എബിനുമായി മുന്‍പരിയമില്ലെന്ന് വിനോദ് ഭാസ്‌കറിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

എറണാകുളത്തെ ജൂതപ്പള്ളിയിലെ തീവെപ്പുമായി ബന്ധപ്പെട്ടാണ് എബിന്‍ നേരത്തെ പിടിയിലായിരുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂവാറ്റുപുഴയിലടക്കം ഇയാള്‍ നടത്തിയ സമാനമായ കുറ്റകൃത്യങ്ങള്‍ സമ്മതിക്കുന്നത്.
എറണാകുളം മാര്‍ക്കറ്റ് റോഡില്‍ കടവുംഭാഗത്തുള്ള സിനഗോഗിന് മുന്‍പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. 


പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീല നിറത്തിലുള്ള കാറില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ശേഷം കാറ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പുത്തന്‍കുരിശില്‍ താമസിക്കുന്ന എബിന്‍ പോളിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പുറത്തുനിന്നുള്ള ആരുടെയൊക്കെയോ നിര്‍ദേശം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യം നടത്തിയശേഷം ഇയാള്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ശേഷം ബോസ് എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു. 'ബോസ്' ആരാണെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിച്ചതില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ വളരെ ഗൗരവത്തോടെയാണ് പൊലീസും ഇന്റലിജന്‍സ് വിഭാഗവും കേസിനെ സമീപിക്കുന്നത്.

Tags

Share this story

From Around the Web