അതിജീവനത്തിന്റെ ഈസ്റ്റർ: മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം മ്യാൻമറിലെ ലോയ്കോവിൽ ഈസ്റ്റർ ആചരിച്ചു

 
Easter

വർഷങ്ങൾ നീണ്ട സൈനിക അധിനിവേശത്തിനും ആഭ്യന്തര യുദ്ധത്തിനും സാക്ഷ്യം വഹിച്ച മ്യാൻമറിലെ ലോയ്കോവിൽ പ്രത്യാശയുടെ പ്രകാശമായി ഈസ്റ്റർ ആഘോഷങ്ങൾ തിരിച്ചെത്തി.

 സംഘർഷഭരിതമായ സാഹചര്യങ്ങളാൽ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിപ്പോയ ഈസ്റ്റർ വിജിൽ (ഉയിർപ്പ് ജാഗരണം) ശുശ്രൂഷകൾ ഇത്തവണ ലോയ്കോവിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ കത്തീഡ്രലിൽ ഭക്തിനിർഭരമായി നടന്നു. 

സൈനിക താവളമായി മാറിയതിനെത്തുടർന്ന് ബിഷപ്പും വിശ്വാസികളും പടിയിറങ്ങേണ്ടി വന്ന കത്തീഡ്രൽ സമുച്ചയം തിരികെ ലഭിച്ചതിനുശേഷം നടന്ന ഈ ആഘോഷം പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് വലിയൊരു ആശ്വാസമായി മാറി.

2023 നവംബറിൽ സൈന്യം കത്തീഡ്രൽ കൈവശപ്പെടുത്തിയതോടെ ബിഷപ്പ് സെൽസോ ബാ ഷ്വെയും പുരോഹിതന്മാരും വിശ്വാസികളും പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു.

രൂപതയിലെ ഭൂരിഭാഗം പള്ളികളും അടച്ചുപൂട്ടുകയും വിശ്വാസികൾ കാടുകളിലേക്ക് അഭയം തേടിപ്പോകുകയും ചെയ്തതോടെ സഭ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്.

 നിലവിൽ സാഹചര്യം ഗുരുതരമായി തുടരുമ്പോഴും കത്തീഡ്രൽ തിരികെ ലഭിച്ചതും അവിടെ വീണ്ടും പ്രാർഥനകൾ ഉയർന്നതും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ചുവടുവെപ്പായാണ് വിശ്വാസികൾ കാണുന്നത്. 

അതേസമയം കുടിയിറക്കപ്പെട്ട ജനങ്ങൾക്കിടയിൽ താമസിച്ച് അവർക്ക് ആത്മീയ പിന്തുണ നൽകുന്ന ബിഷപ്പിന്റെ സാന്നിധ്യം അതിജീവനത്തിന് പുതിയ കരുത്തേകുന്നു.


മ്യാൻമറിലെ ആഭ്യന്തര സംഘർഷം മൂലം ഏകദേശം നാല് ദശലക്ഷത്തോളം ആളുകൾ ഇതിനകം കുടിയിറക്കപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇത്തരം പ്രതിസന്ധികൾക്കിടയിലും വിശ്വാസികൾ ദൈവാലയത്തിലേയ്ക്ക് ഒഴുകിയെത്തുന്നത് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുമെന്ന അവരുടെ ഉറച്ച വിശ്വാസത്തിന്റെ അടയാളമാണെന്ന് സഭാ പ്രതിനിധികൾ വ്യക്തമാക്കുന്നു. 

സമാധാനം എന്നത് ഒറ്റയ്ക്ക് കെട്ടിപ്പടുക്കേണ്ട ഒന്നല്ലെന്നും മറിച്ച് മറ്റുള്ളവരെ സഹോദരങ്ങളായി കണ്ട് ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് അത് സാധ്യമാകുന്നതെന്നും യാങ്കൂൺ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ തന്റെ ഈസ്റ്റർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web