പെറുവിലെ ഭൂകമ്പം: തകര്‍ന്ന ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ നിന്ന് 40-ഓളം വിശുദ്ധ രൂപങ്ങള്‍ വീണ്ടെടുത്തു

 
PERU


പെറു:പെറുവിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന പുരാതന കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് നാല്പതോളം വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും സുരക്ഷിതമായി വീണ്ടെടുത്തു. യാലി പ്രവിശ്യയിലെ സാന്തിയാഗോ ലിയോണ്‍ ഡി ചോങ്കോസ് ബാജോ എന്ന ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ നിന്നാണ് വിശുദ്ധരുടെ രൂപങ്ങളും മറ്റും പുറത്തെടുത്തത്.

മേഖലയില്‍ നാശനഷ്ട വിതച്ച ശക്തമായ ഭൂകമ്പത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന്റെ മേല്‍ക്കൂരയും ചുവരുകളും തകര്‍ന്നു വീണിരുന്നു. തുടര്‍ന്ന് സാംസ്‌കാരിക മന്ത്രാലയത്തിന്റെയും പ്രാദേശിക സഭാ അധികൃതരുടെയും നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തകര്‍ന്നവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഈ വിലപ്പെട്ട തിരുശേഷിപ്പുകളും വിശുദ്ധ രൂപങ്ങളും സുരക്ഷിതമായി പുറത്തെടുത്തത്.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തിലും കാന്‍വാസിലും തീര്‍ത്ത സാന്തിയാഗോ അപ്പോസ്‌തോലന്റെയും മറ്റ് വിശുദ്ധരുടെയും നാല്‍പ്പതോളം തിരുസ്വരൂപങ്ങളും പെയിന്റിംഗുകളും ആണ് സുരക്ഷിതമായി പുറത്തെടുത്തത്. വീണ്ടെടുത്ത തിരുസ്വരൂപങ്ങള്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ദേവാലയത്തിന്റെ തകരാത്ത ഭാഗങ്ങള്‍ ബലപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു.

പെറുവിലെ കതാരോ മേഖലയിലെ ഏറ്റവും പ്രശസ്തവും കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുവിദ്യാ മികവ് വിളിച്ചോതുന്നതുമായ ദൈവാലയങ്ങളിലൊന്നാണിത്. തകര്‍ന്നുവീണ ദൈവാലയം വീണ്ടെടുക്കുന്നതിനൊപ്പം പ്രദേശ്വാസികളുടെ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വിശുദ്ധ വസ്തുക്കള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണെന്ന് പ്രാദേശിക സഭാ നേതൃത്വം അറിയിച്ചു.

Tags

Share this story

From Around the Web