അഫ്ഗാനിസ്ഥാനിൽ ഭൂകമ്പ ദുരന്തം. ലിയോ പതിനാലാമൻ അനുശോചിച്ചു

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച എണ്ണൂറോളം പേരുടെ ജീവൻ അപഹരിച്ച വൻ ഭൂകമ്പദുരന്തത്തിൽ ലിയൊ പതിനാലാമൻ പാപ്പാ ദുഃഖം രേഖപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഒപ്പിട്ടയച്ച ഒരു കമ്പിസന്ദേശത്തിലൂടെയാണ് പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും ആ ജനതയെ അറിയിച്ചത്.
ഈ ഭൂമികുലുക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവർക്കും കാണാതായവർക്കും വേണ്ടിയും പാപ്പാ പ്രാർത്ഥിക്കുകയും ഈ ദുരന്തം ദുരിതത്തിലാഴ്ത്തിയവരെ സർവ്വശക്തനയായവൻറെ കരുതലിന് ഭരമേല്പിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടും രക്ഷാപ്രവർത്തനത്തിലും വീണ്ടെടുക്കൽ പ്രക്രിയയിലും ഏർപ്പെട്ടിരിക്കുന്നവരോടും പൗരാധികാരികളോടും പാപ്പാ തൻറെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അഫ്ഗാനിസ്ഥാന് ക്ലേശകരമായ ഈ സമയത്ത്, പാപ്പാ അന്നാട്ടിലെ ജനതയ്ക്ക് സാന്ത്വനത്തിൻറെയും ശക്തിയുടെയും ദിവ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
ഞായറാഴ്ച രാത്രിയാണ് കുനാർ പ്രവിശ്യയിൽ ഭൂകമ്പം ഉണ്ടായത്. ഭൂമികുലുക്കത്തിൻറെ ശക്തിയുടെ തോത് അളക്കുന്ന റിക്ടർ സ്കെയിലിൽ 6 ദശാംശം പൂജ്യം രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം അന്നാട്ടിലെ വൻ നഗരങ്ങളിലൊന്നായ ജലാലബാദ് നഗരത്തിൽ നിന്ന് 27 കിലോമിറ്റർ അകലെയായിരുന്നു.
800-ലേറെപ്പേർ മരണമടഞ്ഞതായും ആയിരക്കണക്കിനു വീടുകൾ തകർന്നതായും കണക്കാക്കപ്പെടുന്നു. ഈ ഭൂകമ്പം നേരിട്ടു ബാധിച്ചിട്ടുള്ളവരുടെ സംഖ്യ പന്തീരായിരത്തോളം വരും. 2023- ഒക്ടോബർ 7-ന് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂമികുലുക്കം നാലായിരത്തോളം പേരുടെ ജീവനെടുത്തിരുന്നു.