ദുരിതങ്ങളുടെ നടുക്കയത്തില്‍ മുങ്ങിത്താഴുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ ഇറ്റലിയിലെ കാരിത്താസിന്റെ ഇറ്റാലിയന്‍ വിഭാഗം

റോം: ദുരിതങ്ങളുടെ നടുക്കയത്തില്‍ മുങ്ങിത്താഴുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ ഇറ്റലിയിലെ കാരിത്താസിന്റെ ഇറ്റാലിയന്‍ വിഭാഗം. 2,60,000 യൂറോ അഥവാ രണ്ടുകോടി 62 ലക്ഷത്തിൽപ്പരം രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിനായാണ് മാനവിക സഹായ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് സംഘടന അറിയിച്ചു.
ലെയോ പതിനാലാമൻ പാപ്പയും വിവിധ സംഘടനകളും ഗാസയിലെ യുദ്ധത്തിലെ ദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ പശ്ചാത്തലത്തിലാണ് സഹായ പദ്ധതിയുമായി കാരിത്താസ് സംഘടന മുന്നോട്ടു വന്നിരിക്കുന്നത്. ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനുഷിക സഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുകയെന്നതും സംഘടനയുടെ പ്രാഥമിക ലക്ഷ്യമാണ്.
ആദ്യ ഘട്ടത്തില്‍ പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കുള്ള അടിയന്തിര സഹായമാണ്. സർവ്വകലാശാലകളിൽ ഇസ്രായേൽ - പലസ്തീൻ സംഭാഷണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പരിശീലന പരിപാടികൾ തുടരുകയെന്നതാണ് മൂന്നാമത്തെ ലക്ഷ്യം. അടുത്തിടെ ഹോളി ഫാമിലി ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ജെറുസലേം പാത്രിയാര്‍ക്കേറ്റ് ഗാസയില്‍ അടിയന്തര സഹായം എത്തിച്ചിരിന്നു.