ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ; ഒന്നാം റാങ്കുകാരന്‍ വധശ്രമക്കേസ് പ്രതി

 
kerala public sevice commission


തിരുവനന്തപുരം: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ ജിതിന്‍ ജോണ്‍സണ്‍ വധശ്രമക്കേസിലെ പ്രതിയെന്ന് വെളിപ്പെടുത്തല്‍. 

എറണാകുളം മഹാരാജാസ് കോളേജിലെ കെ.എസ്.യു ജോയിന്റ് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതിയാണ് മുന്‍ എസ്.എഫ്.ഐ നേതാവായ ജിതിന്‍.


 ഇയാളുടെ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറിയോട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് തേടി.

വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് ജിതിന്റെ നിയമന നടപടികള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 2022-ലാണ് ജിതിന്‍ ജോണ്‍സനെതിരെ നരഹത്യശ്രമത്തിന് കേസെടുത്തത്. 

പരീക്ഷയില്‍ 68 മാര്‍ക്ക് നേടിയെങ്കിലും വഴിവിട്ട രീതിയിലാണ് വിജയിച്ചതെന്ന ആക്ഷേപം ശക്തമാണ്. 

ഒന്‍പത് മാസത്തിനുള്ളില്‍ പരീക്ഷ നടത്തി മൂല്യനിര്‍ണയവും റാങ്ക് പട്ടിക പ്രസിദ്ധീകരണവും പൂര്‍ത്തിയാക്കിയ നടപടികളിലാണ് അന്വേഷണസംഘം ദുരൂഹത സംശയിക്കുന്നത്.


2025 സെപ്റ്റംബറില്‍ വിജ്ഞാപനം വന്ന തസ്തികയിലേക്ക് 17,392 പേര്‍ അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 2025 ഡിസംബറില്‍ എഴുത്തുപരീക്ഷയും, 2026 മാര്‍ച്ചില്‍ കായികക്ഷമതാ പരിശോധനയും, ഏപ്രിലില്‍ അഭിമുഖവും പൂര്‍ത്തിയാക്കി മേയ് 6-ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. 

ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നല്‍കിയിരുന്നു.

Tags

Share this story

From Around the Web