തൃശൂരിൽ റീൽസ് ചിത്രീകരണത്തിനിടെ ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് കത്തിച്ചെറിയാൻ ശ്രമം. പൊട്ടിത്തെറിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നു, 5 പേർക്കെതിരെ കേസ്

തൃശൂർ: റീൽസ് ചിത്രീകരണത്തിനായി ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിൽ ഗുണ്ട് പൊട്ടിച്ച മണത്തല ബേബി റോഡ് സ്വദേശി സൽമാൻ ഫാരിസിന്റെ കൈപ്പത്തിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. യുവാവിന്റെ വലതുകൈപ്പത്തിയ്ക്കാണ് സാരമായ പരിക്കുള്ളത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സൽമാനൊപ്പം മറ്റ് നാല് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു.
സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങൾക്ക് വാങ്ങിയതിൽ ബാക്കിവന്ന ഗുണ്ടുമായാണ് യുവാക്കൾ ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് ഗുണ്ട് കത്തിച്ചെറിയുന്ന വീഡിയോ ചിത്രീകരിക്കാനായിരുന്നു യുവാക്കളുടെ പദ്ധതി.
എന്നാൽ തീരപ്രദേശത്തെ കാറ്റിനെ തുടർന്ന് തിരികൊളുത്തിയ ഉടൻ ഗുണ്ട് സൽമാന്റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ സൽമാൻ ഉൾപ്പെടെ 5 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
ലൈറ്റ് ഹൗസിന് മുകളിൽ കയറി സ്ഫോടക വസ്തുക്കൾ പൊട്ടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.