പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; 2 പേര്‍ക്ക് പരിക്ക്.യാത്രക്കാരന്‍ തന്റെ പക്കല്‍ ആയുധമുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു.

 
Air india


വാരാണസി: വാരണാസി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ, എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ വെടിപൊട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരന്റെ ലൈസന്‍സുള്ള പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്.

ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരന്‍ മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ഭാര്യയോടൊപ്പം വാരാണസി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

സുരക്ഷാ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ ആയുധവും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു.
യാത്രക്കാരന്‍ തന്റെ പക്കല്‍ ആയുധമുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു. തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. തോക്കിനുള്ളില്‍ ഉണ്ടയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അത് അണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചതെന്നുമാണ് യാത്രക്കാരന്‍ പറയുന്നത്.
ഒരു സുരക്ഷാ ജീവനക്കാരിയുടെ കാലിനും സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനുമാണ് വെടിയേറ്റത്. രണ്ടുപേരെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

'വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിസിപിയും എസിപിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥലം പരിശോധിച്ചുവരികയാണ്, ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നു. സംഭവത്തില്‍ ഉചിതമായ നിയമനടപടി സ്വീകരിച്ചുവരുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
വിമാനത്തില്‍ ലൈസന്‍സുള്ള തോക്കുകളും വെടിയുണ്ടകളും കൃത്യമായ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് കൊണ്ടുപോകാന്‍ അനുവദിക്കുക. തോക്കിലെ വെിയുണ്ടകള്‍ പൂര്‍ണ്ണമായും മാറ്റിയശേഷം പൂട്ടിയിടാവുന്നതും കട്ടിയുള്ള പുറംചട്ടയുള്ളതുമായ ഒരു പെട്ടിയില്‍ അത് സൂക്ഷിക്കേണ്ടമുണ്ട്.
കൂടാതെ ലൈസന്‍സും വെടിയുണ്ടകള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും സഹിതം എയര്‍ലൈന്‍ ചെക്ക്-ഇന്‍ കൗണ്ടറിലെത്തി തോക്ക് കൊണ്ടുപോകുന്ന കാര്യങ്ങളും മറ്റും വെളിപ്പെടുത്തുകയും വേണം.
ആഭ്യന്തര വിമാനങ്ങളില്‍, ഒരു തോക്കും 50 വരെ വെടിയുണ്ടകളും കൊണ്ടുപോകുന്നതിന് ഏകദേശം 5,000 രൂപ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. കൂടാതെ നികുതിയും. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇത് ഏകദേശം 100 ഡോളറാണ്.

Tags

Share this story

From Around the Web