ശബരിമല തീർത്ഥാടന കാലത്ത് 480 ബസുകള്‍ സര്‍വീസുകള്‍ തുടര്‍ച്ചയായി നടത്തി. മകരവിളക്കിനു പൂള്‍ ചെയ്ത് എത്തിച്ചതു 1000 ബസുകള്‍. തീര്‍ഥാടന കാലത്ത് ലാഭവും കൈയ്യടിയും നേടി കെഎസ്ആര്‍ടിസി
കോട്ടയം: മുന്നൊരുക്കങ്ങളില്‍ ഏറെ പോരായ്മകള്‍ ഉണ്ടായ തീര്‍ഥാടക സീസണാണു കടന്നുപോകുന്നത്. എന്നാല്‍, മണ്ഡല മകരവിക്കു തീര്‍ഥാടന കാലത്ത് ലാഭവും കൈയ്യടിയും നേടുകയാണു കെഎസ്ആര്‍ടിസി.
മണ്ഡലകാലത്ത് ഏതാണ്ട് 480 ബസുകള്‍ സര്‍വീസ് നടത്തുകയും മകരവിളക്കിന് ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വിധത്തില്‍ 1000 ബസുകള്‍ പൂള്‍ ചെയ്യുകയും ചെയ്തിരുന്നു. ഒരേ ദിശയില്‍ മണിക്കൂറില്‍ നൂറോളം ബസുകളാണു പമ്പയിലേക്കും നിലയ്ക്കലേക്കും സര്‍വീസ് നടത്തിയത്.
തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തില്‍ ഈ വര്‍ഷം സ്റ്റാന്‍ഡിങ് യാത്ര ഒഴിവാക്കി സീറ്റിങ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളില്‍ അനുവദിച്ചിരുന്നത്.
ഇതോടൊപ്പം പമ്പ നിലയ്ക്കല്‍ സര്‍വീസ് തിരക്കു നിയന്ത്രിക്കുന്നതില്‍ വിലിയ പങ്കു വകഹിച്ചു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു കെഎസ്ആര്‍ടിസിയുടെ റെഗുലര്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി പുതിയ ബസുകള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ബസുകള്‍ സ്‌പെഷല്‍ സര്‍വീസിനായി തയ്യാറാക്കിയിരുന്നു.
ഡിജിറ്റല്‍ യു.പി.ഐ പെയ്‌മെന്റുകള്‍, ട്രാവല്‍ കാര്‍ഡ്, പമ്പയിലും നിലക്കലും സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് സംവിധാനങ്ങള്‍, ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ പൊതുഗതാഗത രംഗത്ത് മാതൃകയാക്കാവുന്ന നൂതന സാങ്കേതിക വിദ്യകള്‍ അവലംബിച്ചുള്ള സൗകര്യങ്ങള്‍ ഈ വര്‍ഷം കെഎസ്ആര്‍ടിസി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടകര്‍ക്കായി നടപ്പിലാക്കി.
എല്ലാ ബസുകളും കൃത്യമായി പീരിയോഡിക് മെയിന്റനന്‍സിന് വിധേയമാക്കുകയും ബസ്സുകള്‍ വൃത്തിയായി ശുദ്ധിയായും പരിപാലിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് സമയാസമയങ്ങളില്‍ പരിശോധിച്ച് സിഎംഡി സ്‌ക്വാഡ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
കൂടാതെ ബസുകളുടെയും ഡിപ്പോകളുടെയും ക്ലീനിങ് സംബന്ധമായ പ്രവര്‍ത്തങ്ങള്‍ ഹൗസ് കീപ്പിങ് വിഭാഗം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നു നടത്തിയ സര്‍വേയിലൂടെ തീര്‍ഥാടകര്‍ക്കു ഭക്ഷണസൗകര്യത്തിനായി സുരക്ഷിതമായി ബസ് പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കുന്നതിനു സൗകര്യമുള്ള ഹോട്ടലുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കൂടാതെ കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ക്യാമ്പും സജ്ജീകരിച്ചിരുന്നു.
നിരവധി അയ്യപ്പ ഭക്തന്മാര്‍ക്കും ജീവനക്കാര്‍ക്കും മരുന്ന് ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സ സൗകര്യം കെഎസ്ആര്‍ടിസി മെഡിക്കല്‍ ക്യാമ്പ് വഴി നല്‍കി.
ജീവനക്കാര്‍ക്കു മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കായി നിലയ്ക്കലും പമ്പയിലും കൂടുതല്‍ സൗകര്യപ്രദമായ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു.
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണ ക്രമീകരണം ഏര്‍പ്പെടുത്തി നല്‍കിയ കെഎസ്ആര്‍ടിസി പത്തനംതിട്ട യൂണിറ്റിലെ തൊഴിലാളി സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.
കൂടാതെ വിവിധ യൂണിറ്റുകളില്‍ ജീവനക്കാര്‍ക്ക് ഇടവേളയിലേക്കു ലഘുഭക്ഷണ കിറ്റുകളും വിതരണം ചെയ്തിരുന്നു.