വഴക്കിനിടെ ഭാര്യ തലയ്ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു; ഭര്‍ത്താവ് മരിച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു. ബൊലാംഗീര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
പരിക്കേറ്റയാളെ ഉടന്‍ തന്നെ ബൊലാംഗീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഇയാളുടെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ അടിയന്തര ചികിത്സയ്ക്കായി വീണ്ടും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല, തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
എങ്കിലും യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ പൊലീസിന് കഴിയൂ.