റോമിലെ പ്രസിദ്ധമായ സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസ് പേപ്പൽ ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ 16 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു

 
Drekken

വത്തിക്കാന്‍ സിറ്റി: റോമിലെ പ്രസിദ്ധമായ സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസ് പേപ്പൽ ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ 16 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ തിരുപ്പട്ട സ്വീകരണമാണ് മെയ് 2 ശനിയാഴ്ച നടന്നത്. തിരുപ്പട്ട ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും കൊളംബിയയിലെ ഫോണ്ടിബോണിലെ ബിഷപ്പ് മോൺസിഞ്ഞോർ ജുവാൻ വിസെന്റെ കോർഡോബ കാര്‍മ്മികത്വം വഹിച്ചു.

അർജന്റീന, ബ്രസീൽ, കൊളംബിയ, ചിലി, മെക്സിക്കോ, പനാമ, വെനിസ്വേല തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. നിയുക്ത വൈദികര്‍ തിരുപ്പട്ട സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. "ദൈവം വലിയവനാണ്" - പുതിയ വൈദികരിൽ ഒരാളായ കൊളംബിയയിൽ നിന്നുള്ള ഫാ. ഡാനിയേൽ ഫെർണാണ്ടസ് ഡയസ് ഡെൽ കാസ്റ്റിലോ പറഞ്ഞു. സന്തോഷം, വളരെ സന്തോഷം; ഈ നിമിഷത്തിന് മറ്റൊരു വാക്കും കണ്ടെത്താൻ കഴിയില്ല എന്നായിരിന്നു മെക്സിക്കോയിൽ നിന്നുള്ള ഫാ. പട്രീഷ്യോ ബ്രിംഗാസിന്റെ പ്രതികരണം.

ഇന്നുമുതൽ സമർപ്പണം 'പൗരോഹിത്യ ജീവിതം' ആയി മാറുകയാണെന്നും നഷ്ടപ്പെട്ടവരെ അന്വേഷിക്കുകയും തന്നിൽ ഭരമേൽപ്പിക്കപ്പെട്ട ആളുകൾക്കായി സ്വയം ക്ഷീണിക്കുകയും ചെയ്യുന്ന നല്ല ഇടയന്റെ സ്നേഹം എല്ലാവരിലും നിറയട്ടെയെന്നും ബിഷപ്പ് ജുവാൻ വിസെന്റെ പറഞ്ഞു. 1941 ജനുവരി 3 ന് മെക്സിക്കൻ കത്തോലിക്ക വൈദികനായ മാർഷ്യൽ മാസിയൽ സ്ഥാപിച്ച പൊന്തിഫിക്കൽ സന്യാസ സമൂഹമാണ് 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്'.

Tags

Share this story

From Around the Web