പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ഗ്ലൗസുകളും പേപ്പര്‍ വൈപ്പുകളും വയറിനുള്ളില്‍ മറന്നുവെച്ചു. 19കാരി അതീവ ഗുരുതരാവസ്ഥയില്‍
മുംബൈ: പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ഗ്ലൗസുകളും പേപ്പര്‍ വൈപ്പുകളും വയറിനുള്ളില്‍ മറന്നുവെച്ചതിനെ തുടര്‍ന്ന് 19കാരി അതീവ ഗുരുതരാവസ്ഥയില്‍.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. സന്ധ്യ സൂരജ് ഗെയ്ക്വാദ് എന്ന യുവതിയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ആഗസ്റ്റ് 1-നാണ് സന്ധ്യയെ പ്രസവത്തിനായി ബീഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയ നടത്തിയതും. നാല് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.
വേദന സഹിക്കാനാവാതെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലാണ് വയറിനുള്ളില്‍ ശസ്ത്രക്രിയ വസ്തുക്കള്‍ കണ്ടെത്തിയത്.
പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുകയും സര്‍ജിക്കല്‍ ഗ്ലൗസുകളും പേപ്പര്‍ ടിഷ്യു വൈപ്പുകളും ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും ചെയ്തു.
ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് മകള്‍ക്ക് ഈ ഗതി വന്നതെന്നും നവജാതശിശുവിനെ എടുത്തുയര്‍ത്താന്‍ പോലും അവള്‍ക്ക് ശേഷിയില്ലെന്നും അമ്മയും ഭര്‍ത്താവും ആരോപിച്ചു. വീഴ്ച വരുത്തിയ മെഡിക്കല്‍ ടീമിനെതിരെ കര്‍ശന നടപടി വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു.