ദുൽഖർ വാഹനം വിദേശത്ത് നിന്ന് കടത്തിയത്, വാഹനം പിടിച്ചെടുത്തത് ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് : കസ്റ്റംസ് ഹൈക്കോടതിയിൽ

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കുരുക്ക് മുറുകുന്നു. വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും, ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും , ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്.
നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്.
വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.